ന്യൂഡല്‍ഹി : കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഏറ്റവും കുറവ് വനിതാ എംഎല്‍എമാരാണ് ഇത്തവണ ഡല്‍ഹി നിയമസഭയില്‍ ഉണ്ടാകുക. നിയമസഭ തെരഞ്ഞെടുപ്പില്‍ ആകെ അഞ്ച് വനിതകള്‍ മാത്രമാണ് വിജയിച്ചിട്ടുള്ളത്. ഇതില്‍ നാലുപേര്‍ ബിജെപിയില്‍ നിന്നുള്ളവരും, ഒരാള്‍ ആം ആദ്മി പാര്‍ട്ടി നേതാവും മുഖ്യമന്ത്രിയുമായ അതിഷിയുമാണ്.
70 അംഗ നിയമസഭയിലേക്ക് ഇത്തവണ 699 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്. ഇതില്‍ 96 വനിതകളും ഉള്‍പ്പെടുന്നു. ബിജെപിയും ആം ആദ്മി പാര്‍ട്ടിയും ഒമ്പത് വനിതകളെ അണിനിരത്തിയപ്പോള്‍, കോണ്‍ഗ്രസ് ഏഴ് വനിതകളെയും മത്സരത്തിന് ഇറക്കിയിരുന്നു.
പ്രതിപക്ഷ നിരയില്‍ നിന്ന് എഎപി നേതാവ് അതിഷിക്ക് മാത്രമാണ് വിജയം നേടാനായത്. സഭയിലേക്ക് വിജയിച്ച വനിതകള്‍ ഇവരാണ്. ബിജെപി സ്ഥാനാര്‍ത്ഥികളായ രേഖ ഗുപ്ത (ഷാലിമാര്‍ ബാഗ് മണ്ഡലം), നീലം പഹല്‍വാന്‍ ( നജഫ്ഗഡ് മണ്ഡലം), പൂനം ശര്‍മ്മ (വാസിപൂര്‍ മണ്ഡലം), ശിഖ റോയ് (ഗ്രേറ്റര്‍ കൈലാഷ്) എന്നിവരാണ് വിജയിച്ചത്. മുതിര്‍ന്ന എഎപി നേതാവും ആരോഗ്യമന്ത്രിയുമായിരുന്ന സൗരഭ് ഭരദ്വാജിനെയാണ് ശിഖ റോയ് പരാജയപ്പെടുത്തിയത്.