ന്യൂഡല്‍ഹി : ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി അതിഷി മര്‍ലേനയ്ക്ക് വിജയം. കല്‍ക്കാജി മണ്ഡലത്തില്‍ നിന്നും 2795 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അതിഷിയുടെ വിജയം. ബിജെപി സ്ഥാനാര്‍ത്ഥിയായ മുന്‍ എംപി രമേഷ് ബിധൂരിയെയാണ് അതിഷി പരാജയപ്പെടുത്തിയത്.
വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മാറിമറിഞ്ഞ ലീഡ് നില മൂലം നിലനിന്ന അനിശ്ചിതത്വങ്ങള്‍ പിന്നിട്ടാണ് അതിഷി വിജയം പിടിച്ചെടുത്തത്. വോട്ടെണ്ണലിന്റെ തുടക്കഘട്ടങ്ങളില്‍ പിന്നിലായിരുന്ന അതിഷി അവസാന റൗണ്ടുകളിലാണ് ലീഡ് നേടിയത്. യുവ നേതാവ് അല്‍ക്ക ലാംബയായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.
ആം ആദ്മി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ അരവിന്ദ് കെജരിവാള്‍, മനീഷ് സിസോദിയ എന്നിവര്‍ പരാജയപ്പെട്ടു. ന്യൂഡല്‍ഹി മണ്ഡലത്തില്‍ ബിജെപിയുടെ പര്‍വേശ് സാഹിബ് സിങ് വര്‍മയാണ് കെജരിവാളിനെ അട്ടിമറിച്ചത്. നിയമസഭ തെരഞ്ഞെടുപ്പില്‍ കെജരിവാളിന്റെ ആദ്യ തോല്‍വിയാണ്.
ജങ്പുര മണ്ഡലത്തില്‍ എഎപി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയെ ബിജെപിയുടെ തര്‍വീന്ദര്‍ സിങ് മര്‍വയാണ് പരാജയപ്പെടുത്തിയത്. 675 വോട്ടുകള്‍ക്കാണ് തര്‍വീന്ദര്‍ സിങിന്റെ വിജയം. ഗ്രേറ്റര്‍ കൈലാഷ് മണ്ഡലത്തില്‍ എഎപി സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ സൗരഭ് ഭരദ്വാജും തോറ്റു. ബിജെപിയുടെ ശിഖ റോയിയാണ് വിജയിച്ചത്.