ന്യൂഡല്‍ഹി : മുമ്പ് ഹാട്രിക് ഭരണം നേടിയ ഡല്‍ഹി നിയമസഭയില്‍ തുടര്‍ച്ചയായ മൂന്നാം തവണയും കോണ്‍ഗ്രസിന് പ്രാതിനിധ്യമില്ല. ഇത്തവണയും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച ഒരു സ്ഥാനാര്‍ത്ഥിക്കും വിജയിക്കാനായില്ല. മാത്രമല്ല, രാജ്യതലസ്ഥാനത്ത് ഒരു മണ്ഡലത്തില്‍ പോലും കോണ്‍ഗ്രസിന് രണ്ടാം സ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.
വോട്ടെണ്ണലിന്റെ ആദ്യ ഘട്ടങ്ങളില്‍ രണ്ടു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ലീഡ് നേടിയിരുന്നു. പിന്നീട് ലീഡ് ബാദലി മാത്രമായി ചുരുങ്ങി. എന്നാല്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ കോണ്‍ഗ്രസിന്റെ ദേവേന്ദര്‍ യാദവ് പിന്നിലേക്ക് പോയി. വോട്ടെണ്ണല്‍ നാലു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 7832 വോട്ടു നേടി കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ബിജെപിയുടെ ആഹിര്‍ ദീപക് ചൗധരിയാണ് ബദലി മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നത്. മൂന്നാം തവണയാണ് ഡല്‍ഹി നിയമസഭയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആരും ഇല്ലാത്ത അവസ്ഥയുണ്ടാകുന്നത്. കെജരിവാളിന്റെ നേതൃത്വത്തില്‍ ആംആദ്മി അധികാരം പിടിക്കുന്നതിന് മുമ്പ്, ഷീല ദീക്ഷിതിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് തുടര്‍ച്ചയായ മൂന്നു തവണ ഡല്‍ഹിയില്‍ അധികാരം കയ്യാളിയിരുന്നു.