ഡല്‍ഹി : നീണ്ട 27 വര്‍ഷത്തിന് ശേഷം ഇന്ദ്രപ്രസ്ഥം തിരിച്ചുപിടിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ വ്യക്തമായ മേല്‍ക്കൈ നേടിയ ബിജെപി ഇപ്പോള്‍ 42 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. എക്സിറ്റ് പോളുകള്‍ യാഥാര്‍ഥ്യമാകുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് ബിജെപി. മുഖ്യമന്ത്രി ആരെന്ന് കേന്ദ്രം നേതൃത്വം തീരുമാനിക്കുമെന്ന് ബിജെപി ഡൽഹി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ പറഞ്ഞു.
എഎപി, ബിജെപി, കോണ്‍ഗ്രസ് എന്നീ പ്രമുഖ പാര്‍ട്ടികളുടെ ത്രികോണമത്സരത്തിനാണ് തലസ്ഥാനം വേദിയായത്. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും വന്‍ ഭൂരിപക്ഷത്തോടെയാണ് എഎപി അധികാരത്തിലെത്തിയത്. എന്നാല്‍ ഇത്തവണ പുറത്തുവന്ന ഭൂരിപക്ഷം എക്സിറ്റ് പോളുകളും ബിജെപിക്ക് അനുകൂലമാണ്
ഇതോടെ 27 വർഷത്തിനു ശേഷം ശക്തമായ തിരിച്ചുവരവിനാണ് ബിജെപി ഡൽഹിയിൽ തയാറെടുക്കുന്നത്. 19 എക്സിറ്റ് പോളുകളിൽ 11 എണ്ണവും ബിജെപിക്കു വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നു പ്രവചിക്കുമ്പോൾ 4 എണ്ണത്തിൽ എഎപിയാണു മുന്നിൽ. 60.54% പോളിങ്ങാണ് ഇക്കുറി ഡൽഹിയിൽ രേഖപ്പെടുത്തിയത്. 62.59% പോളിങ് നടന്ന 2020 ൽ 70 ൽ 62 സീറ്റ് നേടിയാണ് എഎപി അധികാരത്തിലെത്തിയത്.