ശ്രീനഗർ : ഡൽഹിയിൽ ബിജെപി ലീഡ് നേടിയതിന് പിന്നാലെ ഇന്ത്യാ സഖ്യത്തിനെതിരെ പ്രത്യേകിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. കോൺഗ്രസ്സിനെയും ആം ആദ്മി പാർട്ടിയേയും വിമർശിച്ച് ട്രോളുമായി ജമ്മു കശ്മീർ ഒമർ അബ്ദുള്ള രംഗത്തെത്തി. നിങ്ങൾ തമ്മിൽ പോരടിക്കൂ എന്ന് ഒമർ അബ്ദുള്ള എക്സിൽ കുറിച്ചു.
”കുറച്ച് കൂടി പോരാടുക, നിങ്ങളുടെ മനസ്സിന് തൃപ്തിയാകുന്നതുവരെ പോരാടുക, പരസ്പരം നിങ്ങൾ പോരടിക്കൂ” എന്ന് എഴുതിയ ഒരു ജിഐഎഫ് അദ്ദേഹം പോസ്റ്റ് ചെയ്തു. ഇന്ത്യ നേതൃത്വത്തെക്കുറിച്ചോ അജണ്ടയെക്കുറിച്ചോ വ്യക്തതയില്ലെന്നും ലോക്സഭാ തിരഞ്ഞെടുപ്പിനായി മാത്രം രൂപീകരിച്ചതാണെങ്കിൽ അത് അവസാനിപ്പിക്കണമെന്നും ഒമർ അബ്ദുള്ള കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
“ഡൽഹി തിരഞ്ഞെടുപ്പുമായി ഞങ്ങൾക്ക് ബന്ധമില്ലാത്തതിനാൽ ഇതിനെക്കുറിച്ച് എനിക്ക് ഒന്നും പറയാൻ കഴിയില്ല. ബിജെപിയെ എങ്ങനെ നേരിടണമെന്ന് ആം ആദ്മി പാർട്ടിയും കോൺഗ്രസും മറ്റ് പാർട്ടികളും തീരുമാനിക്കണം… എനിക്ക് ഓർമ്മയുള്ളിടത്തോളം, ഇന്ത്യാ സഖ്യത്തിന് സമയപരിധി ഉണ്ടായിരുന്നില്ല. നിർഭാഗ്യവശാൽ, ഇന്ത്യാ സഖ്യ യോഗം സംഘടിപ്പിക്കുന്നില്ല, അതിനാൽ നേതൃത്വത്തെക്കുറിച്ചോ അജണ്ടയെക്കുറിച്ചോ നമ്മുടെ (ഇന്ത്യാ ബ്ലോക്കിന്റെ) നിലനിൽപ്പിനെക്കുറിച്ചോ വ്യക്തതയില്ല… പാർലമെന്റ് തിരഞ്ഞെടുപ്പിന് മാത്രമാണെങ്കിൽ അവർ സഖ്യം അവസാനിപ്പിക്കണം…” ജമ്മു കശ്മീർ മുഖ്യമന്ത്രി പറഞ്ഞിരുന്നു.
അതേസമയം ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ രണ്ടാം മണിക്കൂറിൽ ബി ജെ പിയുടെ മുന്നേറ്റം. ഇഞ്ചോടിഞ്ചുള്ള പോരാട്ടത്തിൽ ലീഡ് നില ആദ്യ ഘട്ടത്തിൽ മാറി മറിഞ്ഞെങ്കിലും ഇപ്പോൾ ബി ജെ പി കുതിക്കുകയാണ്. കേവല ഭൂരിപക്ഷം കടന്നുള്ള ലീഡ് നില 40 സീറ്റിലെത്തിയിട്ടുണ്ട്.
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ചിത്രം വ്യക്തമാണ്. ആപ്പിന് കാലിടറിയപ്പോള്‍ ബിജെപി ബഹുദൂരം മുന്നിലാണ്. കെജ്രിവാളും അതിഷിയും അടക്കം ആം ആദ്മി പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളെല്ലാം പിന്നിലാണ്. നിലവിൽ ബിജെപി – 41 ആം ആദ്മി – 29 കോൺഗ്രസ് -0 എന്ന നിലയിലാണ്.