പാലക്കാട് : ബ്രൂവറി പ്ലാന്റിനായി ഒയാസിസ് കമ്പനി നല്കിയ ഭൂമി തരംമാറ്റ അപേക്ഷ റവന്യൂ വകുപ്പ് തള്ളി. ഡേറ്റ ബാങ്കില്‍ ഉള്‍പ്പെട്ട നാല് ഏക്കറില്‍ നിര്‍മ്മാണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഒയാസിസ് കമ്പനിയുടെ അപേക്ഷ പാലക്കാട് ആര്‍ഡിഒയാണ് തള്ളിയത്.
ഭൂവിനിയോഗ നിയമത്തിൽ ഇളവ് അനുവദിക്കണമെന്നും കമ്പനി ആവശ്യപ്പെട്ടിരുന്നു. എലപ്പുള്ളിയിൽ 24 ഏക്കർ ഭൂമിയാണ് ഒയാസിസ് കമ്പനി വാങ്ങിയിരുന്നത്. ഇതിൽ നാല് ഏക്കർ ഭൂമി ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതാണെന്ന് ആക്ഷേപം ഉയർന്നിരുന്നു.
നിർദ്ദിഷ്ട ഭൂമിയില്‍ കൃഷി ചെയ്യണമെന്നും, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നും ആര്‍ഡിഒ ഉത്തരവില്‍ വ്യക്തമാക്കി. നെല്‍വയല്‍-നീര്‍ത്തട നിയമപ്രകാരം ഭൂമി തരംമാറ്റം അനുവദിക്കാനാവില്ലെന്നും ആര്‍ഡിഒ അറിയിച്ചു. അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നാല്‍ കൃഷി ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും, നടപടിയെടുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ഒയാസീസ് കമ്പനി അപേക്ഷിച്ച ഭൂമി കൃഷിഭൂമിയാണെന്നും, അത് തരംമാറ്റം അനുവദിക്കാനാവില്ലെന്നും ജില്ലാ കൃഷി ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അപേക്ഷ തള്ളിക്കൊണ്ടുള്ള ആര്‍ഡിഒയുടെ ഉത്തരവില്‍ ഇക്കാര്യവും എടുത്തു പറഞ്ഞിട്ടുണ്ട്. പാലക്കാട് ബ്രൂവറി പ്ലാന്റ് നിര്‍മ്മാണത്തിന് അനുമതി നല്‍കിയതിനെതിരെ പ്രതിപക്ഷം ശക്തമായ എതിര്‍പ്പുമായി രംഗത്തു വന്നിരുന്നു.
ആര്‍ഡിഒയുടെ ഉത്തരവിന് പിന്നാലെ വിശദീകരണവുമായി ഒയാസിസ് കമ്പനി രംഗത്തെത്തി. കൃഷിസ്ഥലം ഒഴിവാക്കിയാണ് പ്ലാന്റിന്റെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്. അതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ പ്രാഥമിക അനുമതി ലഭിച്ചത്. കൃഷിസ്ഥലത്ത് യാതൊരു നിര്‍മ്മാണ പ്രവര്‍ത്തനവും നടത്തില്ല.
മദ്യ നിര്‍മ്മാണ പ്ലാന്റില്‍ നിന്നും കമ്പനി പിന്നോട്ടില്ല. റവന്യൂ വകുപ്പിന്റെ നടപടി മദ്യനിര്‍മ്മാണശാല പ്ലാന്റിനെ ബാധിക്കില്ല. 25 ഏക്കര്‍ കൈവശമുണ്ട്. പദ്ധതിക്കായി 15 ഏക്കര്‍ മതിയാകും. കൃഷിഭൂമിയില്‍ ഒരു തരംമാറ്റവും നടത്തില്ലെന്നും ഒയാസിസ് കമ്പനി വ്യക്തമാക്കി.