കോട്ടയം : പാലാ നഗരസഭാ ചെയര്മാന് രാജി വെയ്ക്കാത്തതിനെ ചൊല്ലി കേരളാ കോൺഗ്രസ് എമ്മിൽ ഭിന്നത. രാജി ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് അംഗങ്ങളും പാർട്ടി മണ്ഡലം പ്രസിഡന്റും ചേര്‍ന്ന് ചെയര്മാന് കത്ത് നൽകി. സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെടുത്തിയശേഷം രാജിവയ്ക്കാമെന്നാണ് ചെയര്മാന് ഷാജു തുരുത്തന്റെ നിലപാട്.
മൂന്ന് പതിറ്റാണ്ടോളം പാര്‍ട്ടിയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചു. തനിക്ക് കിട്ടിയ ചെയര്മാന് സ്ഥാനം ഒരു വര്‍ഷമാക്കി വെട്ടി കുറച്ചതിനു പിന്നിൽ പാർട്ടിയിലെ ചിലരാണെന്ന് ഷാജു വി തുരുത്തേൽ പറഞ്ഞു.
അവിശ്വാസത്തിന് ശേഷം രാജി ഉണ്ടായില്ലെങ്കിൽ മറ്റൊരു അവിശ്വാസത്തിന് സമയമില്ല. അതിനാൽ യുഡിഎഫ് പിന്തുണയോടെ വന്ന അവിശ്വാസത്തെ തള്ളാനും കൊള്ളാനും വയ്യാത്ത പ്രതിസന്ധിയിലാണ് കേരള കോണ്‍ഗ്രസ് എം. 26 അംഗ കൗൺസിലിൽ അവിശ്വാസപ്രമേയം പാസാകാൻ 14 പേരുടെ പിന്തുണ വേണം. സിപിഐഎം പുറത്താക്കിയ ബിനു പുളിക്കാക്കണ്ടം അവിശ്വാസത്തെ പിന്തുണച്ചേക്കും. മറ്റ് സ്വതന്ത്ര കൗൺസിലർമാരുടെ നിലപാടും നിർണായമാണ്.