തിരുവനന്തപുരം : അനന്തുകൃഷ്ണന് ഉള്‍പ്പെട്ട പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിനെതിരെ പൊലീസ് കേസെടുത്തതിന് വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഇക്കാര്യം അന്വേഷിച്ചപ്പോള്‍ ലാലി വിന്‍സെന്റ് അവരുടെ ലീഗല്‍ അഡ്വൈസര്‍ ആയിരുന്നു എന്നാണ് മനസ്സിലായത്. ലീഗല്‍ അഡ്വൈസര്‍ക്കെതിരെ എങ്ങനെയാണ് കേസെടുക്കുക എന്ന് മനസ്സിലാകുന്നില്ല എന്ന് വിഡി സതീശന് പറഞ്ഞു.
കോണ്‍ഗ്രസും ഇതിന്റെ ഭാഗമാണെന്ന് കാണിക്കാന്‍ വേണ്ടിയിട്ടാകും അത്തരത്തില്‍ കേസെടുത്തത്. ലാലി വിന്‍സെന്റ് ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന വക്കീലാണ്. അവരുടെ നിയമോപദേശക മാത്രമാണ്. അവരുടെ വക്കീല്‍ ആയിരിക്കും. വക്കീലിനെതിരെ കേസെടുക്കുമോയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
ഇയാളുമായി ഒരുപക്ഷെ അടുപ്പം ഉണ്ടായിരിക്കാം. പക്ഷെ ഇയാള്‍ തട്ടിപ്പുകാരനാണ് അറിഞ്ഞിട്ടുണ്ടാകില്ല. അവര്‍ക്കറിയില്ലലോ, ആരോപണം ഇപ്പോഴല്ലേ വന്നത്. ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇക്കാര്യങ്ങളെല്ലാം വിശദമായി പരിശോധിക്കും. പ്രഥമദൃഷ്ട്യാ, അവര്‍ ലീഗല്‍ അഡ്വൈസര്‍ മാത്രമാണെന്നാണ് താന്‍ അറിഞ്ഞത്. തട്ടിപ്പ് ഇപ്പോഴല്ലേ ആളുകള്‍ അറിയുന്നത്. തന്റെ മണ്ഡലത്തിലും കേരളത്തിലൊട്ടാകെയും തട്ടിപ്പുകള്‍ നടന്നിട്ടുണ്ട്. എല്ലായിടത്തും ബോര്‍ഡ് വെച്ച് വിതരണം ചെയ്യുകയാണ്.
‘എന്റെ കയ്യിലും കൊണ്ടുവന്ന് തന്നതാണ് ഒരു എഗ്രിമെന്റ് വെക്കണമെന്ന് പറഞ്ഞുകൊണ്ട്. എന്റെ ഭാഗ്യത്തിന് എഗ്രിമെന്റ് വെച്ചില്ല’ എന്നും വിഡി സതീശന് പറഞ്ഞു. അവര്‍ തന്നെയും സമീപിച്ചിരുന്നു. എന്‍ജിഒകളുടെയും സംഘടനകളുടേയും ഭാഗമായിട്ട് പല എംഎല്‍എമാരെയും സമീപിച്ചിട്ടുണ്ട്. പാതി വിലയ്ക്ക് പലയിടത്തും കൊടുത്തിട്ടുണ്ട്. ആദ്യത്തെ റൗണ്ടില്‍ കൊടുക്കും. അപ്പോഴല്ലേ വിശ്വാസ്യത കൂടുകയുള്ളൂ. എത്ര ബിജെപി നേതാക്കളുടെ പടം വെച്ചുകൊണ്ടുള്ള ബോര്‍ഡാണ് എറണാകുളത്ത് വെച്ചിരുന്നത്. അവര്‍ ആരെപ്പറ്റിയും പൊലീസ് അന്വേഷിക്കുന്നില്ലല്ലോയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.