കോഴിക്കോട് : കോഴിക്കോട് അരയിടത്തുപാലത്ത് ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. ബസ് ഉയര്‍ത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. മെഡിക്കല്‍ കോളജ് റൂട്ടില്‍ ഓടുന്ന ബസ്സാണ് നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടത്. ഫയര്‍ഫോഴ്സ്, പൊലീസ് ഉള്‍പ്പടെ സ്ഥലത്തെത്തി അപകടത്തില്‍പ്പെട്ടവരെ പുറത്തെത്തിച്ചു. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.
പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 25 പേര് സ്വകാര്യ ആശുപത്രിയിലും ഒന്‍പത് പേരെ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ബസ് ഉയര്‍ത്താന്‍ ക്രെയിന്‍ ഉള്‍പ്പടെ എത്തിച്ചിട്ടുണ്ട്.
ബസ് മറ്റൊരു വാഹനത്തില്‍ തട്ടി മീഡിയനില്‍ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് ബസില്‍ യാത്രചെയ്ത ആളുകളില്‍നിന്ന് ലഭിക്കുന്ന വിവരം. തെറ്റായ ദിശയില്‍ വന്ന രണ്ട് ബൈക്കുകളെ മറികടക്കാന്‍ ശ്രമിക്കവെയാണ് അപകടം നടന്നതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ബസ്സിലെ ഡീസല്‍ റോഡിലേക്കൊഴുകിയിട്ടുണ്ട്. പരിക്കേറ്റവരുടെ പേരുവിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ. 47 പേരാണ് ബസിൽ ഉണ്ടായിരുന്നത്.