തൊടുപുഴ : ജോര്‍ജ് കുര്യനടക്കമുള്ള കേന്ദ്രമന്ത്രിമാര്‍ കേരളത്തിന് എതിരാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. കേരളം നേടിയ ആനൂകുല്യങ്ങള്‍ ഇല്ലായ്മ ചെയ്യാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഇതിനെതിരെ കേരളം ഒറ്റക്കെട്ടായി രംഗത്തുവരണമെന്നും ഇല്ലെങ്കില്‍ ഇവര്‍ കേരളത്തിന് ഒരുചില്ലിക്കാശുപോലും തരില്ലെന്നും എംവി ഗോവിന്ദന് മാധ്യമങ്ങളോട് പറഞ്ഞു.
ജോര്‍ജ് കുര്യനും ആര്‍എസ്എസുകാരും, ബിജെപിക്കാരും കേന്ദ്രമന്ത്രിമാരുമെല്ലാം കേരളത്തിനെതിരാണ്, കേരളത്തിന് വിരുദ്ധമായ നിലപാടാണ് അവര്‍ സ്വീകരിച്ചുവരുന്നത്. ഇവിടെ ദാരിദ്ര്യം വേണം, പട്ടിണി വേണം. ആപട്ടിണിയിലേക്ക് കേരളത്തെ നയിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് ആനൂകൂല്യം തരില്ലെന്നാണ് പറയുന്നത്. അങ്ങനെ ഒരു ആനുകൂല്യം കേരളത്തിന് വേണ്ട. മാര്‍ക്സിസ്റ്റോ, കോണ്‍ഗ്രസോ, ബിജെപിയോ, ലീഗോ എന്നതല്ല പ്രശ്നം. ഇതിനെതിരെ കേരള ജനങ്ങള്‍ ഒറ്റക്കെട്ടായി പൊരുതണം. ഇല്ലെങ്കില്‍ കേരളത്തിന് ചില്ലിക്കാശ് ഇവര്‍ തരാന്‍ പോകുന്നില്ല. കേരളം നേടിയെടുത്ത ആനൂകൂല്യങ്ങള്‍ ഇല്ലായ്മ ചെയ്യാനാണ് അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും ഗോവിന്ദന് പറഞ്ഞു.
സാമ്പത്തിക പ്രതിരോധം മാത്രമല്ല ആശയതലത്തിലും അതുതന്നെയാണ് അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും പറഞ്ഞതുപോലെ കേന്ദ്രം ചില്ലിക്കാശ് തന്നില്ലെങ്കിലും കേരളം കേരളത്തിന്റെ സ്വന്തം കാലില്‍ നിന്നുകൊണ്ട് എല്ലാ പദ്ധതികളും ജനക്ഷേമപരമായി മുന്നോട്ടുകൊണ്ടുപോകുമെന്നും ഗോവിന്ദന് പറഞ്ഞു. എഐ സംവിധാനം വഴി ഉല്പാദിപ്പിക്കുന്ന സമ്പത്ത് ചൂഷണത്തിന് വഴിവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. എഐ സംവിധാനം വഴി ഉല്പാദിപ്പിക്കുന്ന സമ്പത്ത് മുതലാളിത്ത രാജ്യങ്ങളില്‍ കുന്നുകൂടും. ഉദാഹരണമായി പറഞ്ഞാല്‍ കേരളത്തില്‍ സമ്പത്തിന്റെ 87 ശതമാനം പത്ത് ശതമാനത്തിന്റെ കൈയിലാണ്. അന്‍പത് ശതമാനം ജനങ്ങളുടെ കൈയിലുള്ള സമ്പത്ത് മൂന്ന് ശതമാനമാണ്. ഇങ്ങനെ വരുമ്പോള്‍ എഐ മുഴുവന്‍ വരിക സമ്പത്തുള്ളവരുടെ ഇടയിലായിരിക്കും. അതിന്റെ ഭാഗമായി തൊഴിലില്ലായ്മയും വാങ്ങല്‍ ശേഷി പൂര്‍ണമായി ഇല്ലാതാകുകയും ചെയ്യും. അങ്ങനെയാകുമ്പോള്‍ സ്ഥിതി സ്ഫോടാനാത്മകമായിരിക്കും.
കിഫ് ബി റോഡില്‍ ടോള്‍ പിരിവില്‍ അന്തിമ തീരുമാനമായിട്ടില്ല. അത് സംബന്ധിച്ച് ആലോചിക്കും. കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് അനുകൂലമായ സമീപനം സ്വീകരിക്കാത്ത പശ്ചാത്തലത്തില്‍ ടാക്സ് എല്ലാം ജിഎസ്ടി എന്നുപറഞ്ഞ് അവര്‍ കൊണ്ടുപോകുകയാണ്. കിഫ്ബി വികസനത്തിനായി കടംവാങ്ങി പദ്ധതി ആസൂത്രണം ചെയ്ത് മുന്നോട്ടുപോകുകയാണ്. അതിന്റെ ഭാഗമായി എന്തൊക്കെയാണ് വേണ്ടിവരിക എന്നത് അവരുമായി ആലോചിച്ച് തീരുമാനിക്കും. ബ്രുവെറിയില്‍കര്‍ണാടകത്തിലെ സ്പിരിറ്റ് നേതാക്കള്‍ക്ക് നഷ്ടം വരുമോ എന്നതാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആശങ്കയെന്നും ഇവിടുത്തെ ജനങ്ങളുടെ ഒരു തുള്ളി കുടിവെള്ളം ഇതിനായി ഉപയോഗിക്കില്ലെന്നും ഗോവിന്ദന് പറഞ്ഞു.
മുകേഷിന്റെ കാര്യം കോടതിയലാണ് ഉള്ളത്. അതിനെക്കുറിച്ച് എപ്പോഴും പ്രത്യേകിച്ച് പറയേണ്ടതുണ്ടോ?. കോടതി വിധി വരുമ്പോള്‍ ഇനി അതിനെക്കുറിച്ച് പറയും. കേസ് എടുത്താല്‍ കുറ്റപത്രം കൊടുക്കുക സ്വാഭാവിമകമാണ്. ധാര്‍മികതയുടെ അടിസ്ഥാനത്തില്‍ രാജിവച്ചാല്‍ പിന്നെ എംഎല്‍എ സ്ഥാനം തിരിച്ചുകിട്ടുമോയെന്നും ഗോവിന്ദന് ചോദിച്ചു.
കോടിയേരിക്കെതിരായ ശോഭാ സുരേന്ദ്രന്റെ പരാമര്‍ശം ജനങ്ങളെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അതുല്യ സംഭാവന നല്കിയ നേതാവിനെയാണ് അവര്‍ അധിക്ഷേപിക്കുന്നത്. മഹാത്മഗാന്ധിയല്ല സവര്‍ക്കാണ് യഥാര്‍ഥ സ്വാതന്ത്ര്യസമരസേനാനി എന്നുപറയുന്ന ആര്‍എസ്എസുകാരില്‍ നിന്ന് മറ്റെന്താണ് പ്രതിക്ഷിക്കേണ്ടതെന്നും ഗോവിന്ദന് പറഞ്ഞു.