ബംഗലൂരു : കര്‍ണാടകയില്‍ കടക്കെണിയില്‍പ്പെട്ട് നാലു കര്‍ഷകര്‍ ജീവനൊടുക്കി. ചിക്കബല്ലാപൂര്‍, ഹാസന്, ദേവന്‍ഗരെ എന്നിവിടങ്ങളിലുള്ളവരാണ് മരിച്ചത്. മൈക്രോഫിനാന്‍സ് കമ്പനികളില്‍ നിന്നും ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത നാല് കര്‍ഷകരാണ് ഒറ്റ ദിവസം ആത്മഹത്യ ചെയ്തത്.
ഹാസനില്‍ കെ ഡി രവി എന്ന 50 കാരനായ കര്‍ഷകനാണ് വിഷം കഴിച്ച് മരിച്ചത്. മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളില്‍ നിന്നും, ഒരു ബാങ്കില്‍ നിന്നും എടുത്ത വായ്പകള്‍ തിരിച്ചടയ്ക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് രവി ജീവനൊടുക്കിയതെന്ന് വീട്ടുകാര്‍ പറഞ്ഞു.
അര്‍ക്കല്‍ഗുഡ് താലൂക്കിലെ കാന്തനഹള്ളി സ്വദേശിയായ രവി മൂന്ന് ഏക്കറിലധികം സ്ഥലത്ത് ഇഞ്ചി കൃഷി ചെയ്യാന്‍ 9 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. എന്നാല്‍ വിളയ്ക്ക് രോഗങ്ങള്‍ പിടിപെട്ടതും വിലയിടിവും കനത്ത തിരിച്ചടിയായി. വില ക്വിന്റലിന് 3,000 രൂപയില്‍ നിന്ന് 900 രൂപയായി കുറഞ്ഞതോടെ കനത്ത നഷ്ടമാണ് നേരിട്ടത്. ഇതോടെ വ്യാപ തിരിച്ചടവും പ്രതിസന്ധിയിലായി.
വായ്പ തിരിച്ചടവ് മുടങ്ങിയതോടെ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ ഇയാളെ നിരന്തരം ശല്യം ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് രവി കടുത്ത അസ്വസ്ഥനായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു. കൃഷിക്കായി വായ്പയെടുത്ത് ട്രാക്ടര്‍ വാങ്ങിയ ചിക്കബല്ലാപൂര്‍ സ്വദേശി ഗിരീഷ് ആണ് ജീവനൊടുക്കിയ മറ്റൊരു കര്ഷകന്.
തിരിച്ചടവു മുടങ്ങിയതോടെ സ്വകാര്യ സാമ്പത്തിക കമ്പനിക്കാര് ട്രാക്ടര്‍ പിടിച്ചെടുത്തിരുന്നു. ഇതോടെ അവശേഷിക്കുന്ന മാര്‍ഗവും അടഞ്ഞുപോയതായി ഗിരീഷിന്റെ ഭാര്യ പറഞ്ഞു. ഗൗരിബിഡന്നൂര്‍ സ്വദേശി നരസിംഹയ്യ, ദീതുരു ഗ്രാമവാസി എല്‍ കെ സുരേഷ് (42) എന്നിവരാണ് കടം തിരിച്ചടക്കാന്‍ മാര്‍ഗമില്ലാത്തതിനെത്തുടര്‍ന്ന് ജീവനൊടുക്കിയ മറ്റുള്ളവര്‍. സുരേഷ് 21 ലക്ഷം രൂപയാണ് വായ്പയെടുത്തിരുന്നത്.