ന്യൂഡല്‍ഹി : അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയവരെ ട്രംപ് ഭരണകൂടം സൈനിക വിമാനം വഴി ഇന്ത്യയിലേക്ക് നാടുകടത്തുന്നുവെന്ന റിപ്പോര്‍ട്ടുകളില്‍ പ്രതികരിച്ച് ന്യൂഡല്‍ഹിയിലെ യുഎസ് എംബസി. അമേരിക്ക അതിര്‍ത്തി, കുടിയേറ്റ നിയമങ്ങള്‍ ശക്തമായി നടപ്പിലാക്കുന്നു. അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നു. അനധികൃത കുടിയേറ്റം അപകടം പിടിച്ചതാണെന്ന സന്ദേശമാണ് ട്രംപ് സര്‍ക്കാര്‍ നല്‍കുന്നതെന്നും യുഎസ് എംബസി വക്താവ് പറഞ്ഞു.
ഇന്ത്യയിലേക്കുള്ള നാടുകടത്തലുമായി ബന്ധപ്പെട്ട് നിരവധി അന്വേഷണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ല. അമേരിക്ക അതിര്‍ത്തി സുരക്ഷ ശക്തമായി നടപ്പിലാക്കുന്നു. കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കുകയും അനധികൃത കുടിയേറ്റക്കാരെ നീക്കം ചെയ്യുകയും ചെയ്യുന്നുവെന്ന് അറിയിക്കുന്നു. അനധികൃത കുടിയേറ്റം അപകടമുക്തമല്ല എന്ന് വ്യക്തമാക്കുന്നു. യുഎസ് എംബസി വക്താവ് പറഞ്ഞു.
അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ കടുത്ത തീരുമാനത്തിനു പിന്നാലെയാണ് തിരിച്ചയക്കൽ നടപടികൾ ആരംഭിച്ചത്. നാടുകടത്തലിന്റെ ഒന്നാം ഘട്ടമായി 205 പേരടങ്ങുന്ന ഇന്ത്യന്‍ സംഘത്തെ അമേരിക്കയില്‍നിന്ന് അയച്ചതായാണ് റിപ്പോര്‍ട്ട്. സി 17 സൈനിക വിമാനം അനധികൃത കുടിയേറ്റക്കാരുമായി പുറപ്പെട്ടുവെന്ന് റോയിട്ടേഴ്സാണ് റിപ്പോർട്ട് ചെയ്തത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്ന് മണിക്ക് ടെക്സസിലെ സാന്‍ ആന്റോണിയോ വിമാനത്താവളത്തില്‍ നിന്നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്.
അമേരിക്ക തയാറാക്കിയിട്ടുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രാഥമിക പട്ടികയില്‍ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട്. 7.25 ലക്ഷം ഇന്ത്യക്കാര്‍ അനധികൃതമായി അമേരിക്കയില്‍ താമസിക്കുന്നുണ്ടെന്നാണ് സൂചന. അമേരിക്കയിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നായി പല രാജ്യങ്ങളില്‍ നിന്നെത്തിയ അയ്യായിരത്തോളം അനധികൃത കുടിയേറ്റക്കാരെ ഇതിനകം തിരിച്ചയച്ചതായാണ് വിവരം. അനധികൃത കുടിയേറ്റക്കാരെ തിരഞ്ഞ് കണ്ടുപിടിക്കുകയും അവര്‍ എവിടെ നിന്നുവന്നോ അവിടേക്ക് പറഞ്ഞയയ്ക്കുകയും ചെയ്യുകയാണ് എന്നാണ് ട്രംപ് നടപടിയെ വിശേഷിപ്പിച്ചത്.