കണ്ണൂര്‍ : മുകേഷ് എംഎൽഎ ആയി തുടരുമെന്നും കോടതി തീരുമാനം വരട്ടെയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.
” ആരെങ്കിലും പ്രഖ്യാപിച്ചത് കൊണ്ട് കാര്യമില്ല, കോടതിയല്ലേ ഇക്കാര്യം കൈകാര്യം ചെയ്യേണ്ടത്. കോടതി ഒരു നിലപാട് സ്വീകരിക്കട്ടെ, അപ്പോള്‍ ആലോചിക്കാം, അതാണ് പാര്‍ട്ടിയുടെ നിലപാട്”- എന്നാണ് അദ്ദേഹം പറഞ്ഞത്.
അതേസമയം എം.മുകേഷിന്റെ കാര്യത്തിൽ പാർട്ടിയും സർക്കാരും ശരിയായ നിലപാട് സ്വീകരിക്കുമെനന്നായിരുന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന്റെ നിലപാട്. പക്ഷപാതപരമായ നിലപാട് സ്വകരിക്കില്ലെന്നും ഇ.പി കണ്ണൂരിൽ പറഞ്ഞു.
മുകേഷിനെതിരായ ബലാത്സംഗക്കേസില്‍ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചതിന് പ്രതികരണമായാണ് എം.വി ഗോവിന്ദന് ഇക്കാര്യം വ്യക്തമാക്കിയത്. മുകേഷിനെതിരെ ഡിജിറ്റൽ തെളിവുകളുണ്ടെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. താരസംഘടന അമ്മയിൽ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു പരാതി.
പരാതിക്കാരിയുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റുകളും, ഇ-മെയിൽ സന്ദേശങ്ങളും തെളിവുകളായിട്ടുണ്ട്. സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്നും എസ്ഐടി വ്യക്തമാക്കുന്നു. പീഡനത്തിന് പുറമേ ലൈംഗികാതിക്രമത്തിന്റെ വകുപ്പും ചുമത്തിയിട്ടുണ്ട്.