കല്‍പ്പറ്റ : വയനാട്ടില്‍ വീണ്ടും വന്യജീവി ആക്രമണം. ഇന്നുപുലര്‍ച്ചെയാണ് കല്‍പ്പറ്റയിലെ പെരുന്തട്ടയിലാണ് പുലിയുടെ ആക്രമണം ഉണ്ടായത്. പശുക്കിടാവിനെ പുലി കടിച്ചുകൊന്നു. പെരുന്തട്ട സ്വദേശി ഷണ്മുഖന്റെ ആറ് മാസം പ്രായമുള്ള പശുക്കിടാവിനെയാണ് കൊലപ്പെടുത്തിയത്.
പല തവണ ഇവിടെ കടുവയെ കണ്ടിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. വന്യജീവി ആക്രമണം കണക്കിലെടുത്ത് രണ്ടിടത്ത് കൂട് സ്ഥാപിച്ചിട്ടുണ്ട്. പുലിയാണെന്നാണ് വനം വകുപ്പ് അധികൃതര്‍ പറയുന്നത്.
അതേസമയം, വയനാട്ടിലെ പഞ്ചാരക്കൊല്ലിയില്‍ കടുവാ ആക്രമണത്തില്‍ സ്ത്രീ മരിച്ച സംഭവത്തില്‍ ഇന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ യോഗം ചേരും. രാവിലെ 11 മണിക്ക് വയനാട് കലക്ടറേറ്റില്‍ നടക്കുന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡി ആര് മേഘശ്രീ, എഡിഎം കെ ദേവകി, ജില്ലാ പൊലീസ് മേധാവി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, വൈല്‍ഡ് ലൈഫ് വാര്ഡന്, ഡിഫ്ഒ മാര്‍, തഹസീല്‍ദാര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും.
മാനന്തവാടിയില്‍ കടുവ സാന്നിധ്യ പ്രദേശങ്ങളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വയനാട് ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി ഐപിഎസ് അറിയിച്ചിട്ടുണ്ട്. കടുവയുടെ സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ ജനങ്ങള്‍ ഒത്തുകൂടുന്നത് കൂടുതല്‍ അപകടകരമാണ്. നാരഭോജിയായ കടുവയെ പിടികൂടുന്നത് വരെ ഈ പ്രദേശങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണം. ഈ പ്രദേശങ്ങളില്‍ ആളുകള്‍ ഒത്തുകൂടുന്നതും അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നതും ഒഴിവാക്കണം. പ്രത്യേകിച്ച് രാത്രികാലങ്ങളില്‍ പുറത്തിറങ്ങരുതെന്നും ഇത് മനുഷ്യ ജീവന് അപകടമുണ്ടാക്കുമെന്നും അടിയന്തിര ഘട്ടങ്ങളില്‍ ആവശ്യങ്ങള്‍ക്കായി പൊലീസിനെ വിളിക്കാവുന്നതാണെന്നും വയനാട് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.