കോട്ടയം : മാനന്തവാടിയിലെ പഞ്ചാരക്കൊല്ലിയില്‍ ആദിവാസി സ്ത്രീയുടെ ജീവനെടുത്ത കടുവയെ വെടിവയ്ക്കാന്‍ ഉത്തരവിട്ടെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്. ആവശ്യമായ നടപടി വേഗത്തില്‍ സ്വീകരിക്കുമെന്ന് മന്ത്രി പ്രതികരിച്ചു.
കടുവയെ വെടിവച്ചോ അല്ലാതെയോ പിടികൂടാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.പഞ്ചാരക്കൊല്ലി സ്വദേശി രാധ ആണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പാതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം.
വനത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ കാപ്പിത്തോട്ടത്തില്‍ വച്ചായിരുന്നു ആക്രമണം. പിന്നീട് കാട്ടിനുള്ളിലേക്ക് വലിച്ചുകൊണ്ടുപോയ മൃതദേഹം തണ്ടർബോൾട്ട് സംഘമാണ് കണ്ടെത്തിയത്.
മൃതദേഹം സമീപത്തെ എസ്റ്റേറ്റ് ഓഫീസിലേക്ക് മാറ്റി. ഇവിടെനിന്ന് മൃതദേഹം കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍.
സ്ഥലത്തെത്തിയ മന്ത്രി ഒ.ആര്.കേളുവിനെ പ്രതിഷേധക്കാര്‍ തടഞ്ഞു. സ്ഥലത്ത് ഇപ്പോഴും പ്രതിഷേധം തുടരുകയാണ്.