വയനാട് : മാനന്തവാടിയില്‍ കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. മൃതദേഹം സമീപത്തെ എസ്റ്റേറ്റ് ഓഫീസിലേക്ക് മാറ്റി. ഇവിടെനിന്ന് മൃതദേഹം കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍.
സ്ഥലത്തെത്തിയ മന്ത്രി ഒ.ആര്.കേളുവിനെ പ്രതിഷേധക്കാര്‍ തടഞ്ഞു. സ്ഥലത്ത് ഇപ്പോഴും പ്രതിഷേധം തുടരുകയാണ്.
പഞ്ചാരക്കൊല്ലി സ്വദേശി രാധ ആണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പാതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം.
വനത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ കാപ്പിത്തോട്ടത്തില്‍ വച്ചാണ് ആക്രമണമെന്നാണ് വിവരം. തണ്ടര്‍ബോള്‍ട്ട് സംഘമാണ് മൃതദേഹം കണ്ടെത്തിയത്. വനംവകുപ്പ് താത്ക്കാലിക വാച്ചറുടെ ഭാര്യയാണ് ഇവര്‍.
ഒരു മാസത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്ന ആറാമത്തെ ആളാണ് രാധ. മറ്റ് അഞ്ച് പേരും കൊല്ലപ്പെട്ടത് കാട്ടാന ആക്രമണത്തിലാണ്.