കൊച്ചി : സിപിഐ എറണാകുളം ജില്ലാ കൗണ്‍സില്‍ അംഗം അസ്ലഫ് പാറേക്കാടന്‍ പാര്‍ട്ടി വിട്ടു. പാര്‍ട്ടിയില്‍ മൂല്യച്യുതിയെന്ന് ആരോപിച്ചാണ് അസ്ലഫ് പാറേക്കാടന്‍ രാജിവെച്ചത്. കഴിവുകെട്ട പാര്‍ട്ടി സംസ്ഥാന-ജില്ലാ നേതൃത്വങ്ങളോടുള്ള വിയോജിപ്പും പ്രതിഷേധവും അറിയിച്ചു കൊണ്ട് പാര്‍ട്ടിയുമായുള്ള 16 വര്‍ഷത്തെ എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കുകയാണ്. രാജിക്കത്തില്‍ അസ്ലഫ് പാറേക്കാടന്‍ വ്യക്തമാക്കി.
അസ്ലഫ് പാറേക്കാടന്‍ നേരത്തെ ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. എഐഎസ്എഫ് ജില്ലാ സെക്രട്ടറി, പ്രസിഡന്റ് തുടങ്ങിയ പദവികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ ഇപ്പോള്‍ വഹിക്കുന്ന മണ്ഡലം സെക്രട്ടറി, ജില്ലാ കൗണ്‍സില്‍ അംഗം എന്നി സ്ഥാനങ്ങളും രാജിവെക്കുകയാണെന്ന് അസ്ലഫ് പാറേക്കാടന്‍ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അഞ്ചുവര്‍ഷം എടത്തല ജില്ലാ പഞ്ചായത്ത് ഡിവിഷന് മെമ്പര്‍ ആയിരുന്നു അസ്ലഫ് പാറേക്കാടന്‍. സമകാലീന രാഷ്ട്രീയത്തില്‍ സിപിഐയുടെ പ്രസക്തി നഷ്ടപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.
പണത്തിനും സ്ഥാനമാനങ്ങള്‍ സംരക്ഷിക്കുന്നതിനും വേണ്ടി, തെരഞ്ഞെടുപ്പുകളില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ പോലും പരാജയപ്പെടുത്താന്‍ മടിയില്ലാത്തവരായി പാര്‍ട്ടി നേതൃത്വം മാറിക്കഴിഞ്ഞു. അതിന് ഏറ്റവും വലിയ തെളിവാണ് പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ വേരോട്ടമുള്ള തൃശൂരില്‍ വി എസ് സുനില്‍കുമാറിന് ഏറ്റ കനത്ത പരാജയം. പാര്‍ട്ടിയെ സമാധി ഇരുത്തി, സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും പണം സമ്പാദിക്കാനും മാത്രമാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്നതെന്നും അസ്ലഫ് പാറേക്കാടന്‍ കത്തില്‍ ആരോപിച്ചു.
ഞാനും അപ്പനും അപ്പന്റെ പെങ്ങള് സുഭദ്രയുമാണ് ട്രസ്റ്റ് എന്നു പറഞ്ഞപോലെയായി പാര്‍ട്ടി കമ്മിറ്റികള്‍. അളിയന്, കൊച്ചളിയന്‍, അച്ഛന്, മകള്‍, മരുമകള്‍, കൊച്ചാപ്പ, വല്യപ്പ ഇങ്ങനെ പോകുന്നു പാര്‍ട്ടി കമ്മിറ്റികളിലെ പ്രാതിനിധ്യം. ഇവരൊക്കെ തന്നെയാണ് പാര്‍ട്ടിയിലെ പരാതിക്കാരും വിചാരണ നടത്തുന്നവരും ശിക്ഷ വിധിക്കുന്നവരും. പാര്‍ട്ടി ദേശീയ സെക്രട്ടറിക്കുവരെ കേരളത്തില്‍ വരാന്‍ സംസ്ഥാന എക്സിക്യൂട്ടീവിന്റെ ശുപാര്‍ശ കത്ത് വേണ്ട ഈ പാര്‍ട്ടിയില്‍ നിന്നും ഇനി നീതി ലഭിക്കുമെന്ന് വിശ്വസിക്കുന്നവരെ വേണം ചാട്ടവാറിന് അടിക്കാനെന്നും അസ്ലഫ് പാറേക്കാടന്‍ കത്തില്‍ പറയുന്നു.