2023ലെ സംസ്ഥാന ടെലിവിഷൻ അവാർഡ് പ്രഖ്യാപനത്തിൽ തിളക്കവുമായി ഏഷ്യാനെറ്റ് ന്യൂസ്. വിവിധവിഭാഗങ്ങളിലായി അഞ്ചു അവാർഡുകളാണ് ഏഷ്യാനെറ്റ് ന്യൂസ് നേടിയത്. മികച്ച അഭിമുഖം, മികച്ച ഡോക്യുമെൻ്ററി,മികച്ച ന്യൂസ് ക്യാമറമാൻ, മികച്ച എജുക്കേഷണൽ പ്രോഗ്രാം എന്നിവയടക്കമാണ് ഏഷ്യാനെറ്റ് ന്യൂസ് നേടിയ അവാർഡുകൾ.
മികച്ച ന്യൂസ് ക്യാമറാമാനുള്ള പുരസ്കാരം അജീഷ്.എ നേടി. നിസ്സഹായനായ കുട്ടി അയ്യപ്പൻ എന്ന സ്റ്റോറിക്കാണ് അവാർഡ്. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നിർമ്മിച്ച ‘ടോപ് ഗിയർ സുജയുടെ ജീവിത യാത്രകൾ’ എന്ന പ്രോഗ്രാമിന് ഷഫീഖാൻ മികച്ച ഡോക്യുമെൻ്ററിക്കുള്ള സംസ്ഥാന പുരസ്കാരം നേടി. 5000 രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ് . ഡോക്യുമെൻ്ററി നിർമ്മാണത്തിന് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ 7500 രൂപയും പ്രശസ്തിപത്രവും നേടി.
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നിർമ്മിച്ച സയൻസ് ടോക് മികച്ച എജുക്കേഷണൽ പ്രോഗ്രാമായി തിരഞ്ഞെടുക്കപ്പെട്ടു. എസ് ശാലിനിയാണ് സംവിധാനം. 15000 രൂപയും ശിൽപവും പ്രശസ്തി പത്രവുമാണ് പുരസ്കാരം.ലജന്റ്സ് എന്ന പരിപാടിക്ക് ഡോക്യുമെന്ററി ജനറൽ വിഭാഗത്തിൽ എംജി അനീഷ് പ്രത്യേക ജൂറി പരാമർശം നേടി. മികച്ച അഭിമുഖത്തിന് കെ.അരുൺകുമാറും (കഥപറയും കാട്) പ്രത്യേക ജൂറി പരാമർശത്തിന് അർഹനായി. ഇരുവർക്കും ശിൽപവും പ്രശസ്തി പത്രവും ലഭിക്കും.
അമൃത ടിവിയിൽ പ്രക്ഷേപണം ചെയ്ത ആൺപിറന്നോൾ മികച്ച ടെലിവിഷന്‍ പരമ്പരയായി തെരഞ്ഞെടുക്കപ്പെട്ടു. കൺമഷി എന്ന ടെലി ഫിലിമിലൂടെ അനൂപ് കൃഷ്ണൻ മികച്ച സംവിധായകൻ, മികച്ച നടൻ എന്നീ പുരസ്കാരങ്ങൾക്ക് അർഹനായി. മികച്ച നടിക്കുള്ള പുരസ്കാരം റിയ കുര്യാക്കോസ് (ആൺപിറന്നോൾ), മറിയം ഷാനൂബ് (ലില്ലി) എന്നിവർ പങ്കിട്ടു. ഫ്ലവേഴ്സ് ടിവിയിലെ സുസു സുരഭിയും സുഹാസിനിയും മികച്ച രണ്ടാമത്തെ ടെലിവിഷന്‍ പരമ്പരയ്ക്കുള്ള പുരസ്കാരം നേടി. മികച്ച ടെലി ഫിലിമിനുള്ള പുരസ്കാരം അനൂപ് കൃഷ്ണൻ സംവിധാനം ചെയ്ത കൺമഷിക്ക് ലഭിച്ചു . മികച്ച ഹ്രസ്വചിത്രമായി മറിയം ഷനൂബ സംവിധാനം ചെയ്ത ലില്ലി തെരഞ്ഞെടുക്കപ്പെട്ടു.