വയനാട് : വിവാദങ്ങൾക്കിടെ ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻറെ വീട് സന്ദർശിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. നേരത്തെ കെപിസിസി ഉപസമിതിയുടെ നേതൃത്വത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണനും പ്രതിപക്ഷനേതാവും ഇവിടെയെത്തിയിരുന്നു. എൻ എം വിജയൻറെ കുടുംബത്തെ ഏറ്റെടുക്കുമെന്നും അവരെ സംരക്ഷിക്കുമെന്നും അത് കോൺഗ്രസിന്റെ ബാധ്യതയാണെന്നും കെ സുധാകരൻ കുടുംബാംഗങ്ങളെ കണ്ടതിന് ശേഷം പ്രതികരിച്ചു. കെപിസിസിയുടെ ഉപസമിതി ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നുണ്ടെന്നും റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം മാത്രമായിരിക്കും അതിൽ തുടർനടപടികൾ എടുക്കുകയെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. ഏകദേശം പത്ത് മിനിറ്റോളം കുടുംബങ്ങളുമായി സംസാരിച്ചതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്.
എൻ എം വിജയൻറെ മരണവുമായി ബന്ധപ്പെട്ട് കെ സുധാകരന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്താനിരിക്കുകയാണ്. വിജയൻ നൽകിയ കത്തുകളുമായി ബന്ധപ്പെട്ടാണ് മൊഴിയെടുക്കൽ നടക്കുക. അതേസമയം, ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചൻ, മുൻ കോൺഗ്രസ് നേതാവ് കെ കെ ഗോപിനാഥൻ എന്നിവരെ ചോദ്യം ചെയ്യൽ ഇന്ന് പൂർത്തിയാകും. കേസിൽ ചോദ്യം ചെയ്യലിന്റെ ഭാഗമായി ഇരുവരെയും ഇന്ന് അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യാപ്രേരണാകുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. നാളെ ഐസി ബാലകൃഷ്ണൻ എംഎൽഎയും ചോദ്യം ചെയ്യലിന് ഹാജരായേക്കും.
സാമ്പത്തിക ബാധ്യതകള്‍ വിശദീകരിച്ച് നേരത്തെ രണ്ട് തവണ എന്‍ എം വിജയന് കെ സുധാകരന് കത്തയച്ചിരുന്നതായാണ് വിവരം. വിജയന്റെ കത്ത് വായിച്ചിരുന്നുവെന്നും പുറത്തുപറയേണ്ട കാര്യങ്ങള്‍ ഒന്നും കത്തിലില്ലെന്നുമായിരുന്നു കെ സുധാകരന് പറഞ്ഞിരുന്നത്. ആത്മഹത്യാക്കുറിപ്പിനും കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള എട്ടു പേജുള്ള കത്തിനും പുറമേ മറ്റൊരു കത്തു കൂടി പൊലീസിന് ലഭിച്ചു. 2022 ല്‍ കെ സുധാകരന് എഴുതിയ പരാതിയാണ് ലഭിച്ചിട്ടുള്ളതെന്നാണ് വിവരം.
യുഡിഎഫ് ഭരിക്കുന്ന ബാങ്കുകളിലെ നിയമനവുമായി ബന്ധപ്പെട്ട് നേരത്തെ പരാതികളുയര്‍ന്നിട്ടും സഹകരണവകുപ്പ് ഒരു നടപടിയും എടുത്തില്ലെന്ന ആക്ഷേപം ശക്തമായിരുന്നു. സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്ക്, കാര്‍ഷിക ഗ്രാമവികസനബാങ്ക്, സര്‍വീസ് സഹകരണബാങ്ക്, പൂതാടി സര്‍വീസ് സഹകരണബാങ്ക്, മടക്കിമല സര്‍വീസ് സഹകരണബാങ്ക് എന്നിവിടങ്ങളിലെ നിയമനങ്ങളെ കുറിച്ചാണ് അന്വേഷണം. സുൽത്താൻബത്തേരി അസിസ്റ്റൻറ് രജിസ്റ്റർ കെ കെ ജമാലിനാണ് 30 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് നിര്‍ദേശം ലഭിച്ചിട്ടുള്ളത്. എന്‍എം വിജയന്റെ ബാധ്യതകളെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശമുണ്ട്.