തിരുവനന്തപുരം : വിതുര താലൂക്ക് ആശുപത്രിയിൽ നിന്നു വിതരണം ചെയ്ത ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയ സംഭവത്തിൽ പരാതി നൽകി ആരോഗ്യ വകുപ്പ്. പരാതി വ്യാജമാണെന്നും പിന്നിൽ ഗൂഢാലോചനയുണ്ടോ എന്നു പരിശോധിക്കണമെന്നും ആരോഗ്യ വകുപ്പ് ഡയറക്ടർ രേഖാമൂലം ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നു.
സർക്കാരിന്റെ മരുന്നു വിതരണ സംവിധാനത്തെ തകർക്കാൻ ബോധപൂർവമുള്ള ശ്രമമാണ് പിന്നിലെന്നു സംശയിക്കുന്നതായും പരാതിയിലുണ്ട്. മൊട്ടുസൂചി കിട്ടിയെന്നു പരാതി നൽകിയ രോഗിയുടെ മൊഴികളിലും വൈരുദ്ധ്യമുണ്ടായിരുന്നു. ഇതോടെയാണ് ആരോഗ്യ വകുപ്പ് രേഖാമൂലം പരാതി നൽകിയത്.
വിതുര താലൂക്ക് ആശുപത്രിയിൽ നിന്ന് നൽകിയ ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയെന്നായിരുന്നു പരാതി. മേമല ഉരുളക്കുന്ന് സ്വദേശി വസന്തയ്ക്ക് ശ്വാസംമുട്ടലിനു നൽകിയ സി–മോക്സ് ക്യാപ്സൂളിനുള്ളിൽ നിന്നാണ് മൊട്ടുസൂചി ലഭിച്ചത്. ഗുളികക്കുള്ളിൽ മരുന്നില്ലെന്നു സംശയം തോന്നി തുറന്നുനോക്കിയപ്പോഴാണ് മൊട്ടുസൂചി കണ്ടത്. വിതുര പൊലീസിലും മെഡിക്കൽ ഓഫീസർക്കും വസന്ത പരാതി നൽകിയിരുന്നു.
സംഭവത്തിൽ തെളിവെടുപ്പും പരിശോധനയും നടത്തിയ ആരോഗ്യ വകുപ്പ് പരാതിയിൽ കഴമ്പില്ലെന്നു കണ്ടെത്തി. പരാതിക്കാരിക്കു നൽകിയ ബാക്കി ഗുളികകളിലോ, മറ്റു സ്റ്റോക്കിലോ പ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ല. ആദ്യം കഴിച്ച ഗുളികയിൽ മൊട്ടു സൂചിയുണ്ടോ എന്ന സംശയം പരാതിക്കാരി ഉന്നയിച്ചിരുന്നു. എക്സറേയിൽ അപാകതയൊന്നും കണ്ടെത്തിയില്ല. പിന്നാലെയാണ് ആരോഗ്യ വകുപ്പ് പരാതി നൽകിയത്.