ഭോപ്പാല്‍ : മധ്യപ്രദേശില്‍ വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് സന്ദേശങ്ങളുമായി ഓള് ഇന്ത്യ റേഡിയോ(എഐആര്‍- ആകാശവാണി). സംസ്ഥാനത്ത് ആനകള്‍, കടുവകള്‍, പുള്ളിപ്പുലികള്‍ എന്നിവയുടെ സഞ്ചാരത്തെ കുറിച്ച് റേഡിയോ വഴി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതാണ് പദ്ധതി.
വന്യമൃഗശല്യം രൂക്ഷമായ ഷാഹ്ഡോള്‍, ഉമാരിയ, അനുപൂര്‍ ജില്ലകളിലെ ഗ്രാമീണരെ ആനകള്‍, കടുവകള്‍, പുള്ളിപ്പുലികള്‍ എന്നിവയുടെ ചലനത്തെക്കുറിച്ച് മാത്രമല്ല, അവയെ നേരിടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും എഐആര്‍ ഷാഹ്ഡോള്‍ മുന്നറിയിപ്പുകള്‍ നല്കി തുടങ്ങി.
സംസ്ഥാന വനം വകുപ്പില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ മുന്നറിയിപ്പുകളായി പരിപാടികള്‍ക്കിടയില്‍ ജനങ്ങളിലേക്ക് എത്തിക്കും. ഛത്തീസ്ഗഡില്‍ ആനകളുടെ സഞ്ചാരത്തെ കുറിച്ച് ജനങ്ങള്‍ക്ക് സമാന രിതിയില്‍ മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. ഇതിലൂടെ വന്യമൃഗ ആക്രമണങ്ങള്‍ കുറച്ച ഛത്തീസ്ഗഡിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ പ്രശംസിച്ചിരുന്നു.