കൊച്ചി : കൂത്താട്ടുകുളം കൗണ്‍സിലര്‍ കല രാജുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റി എന്ന ആരോപണത്തില്‍ എറണാകുളം റൂറല്‍ എസ്പി റിപ്പോര്‍ട്ട് തേടി. കല രാജുവിന് സംരക്ഷണം നല്കുന്നതില് വീഴ്ച ഉണ്ടായി എന്ന ആക്ഷേപത്തില്‍ മൂവാറ്റുപുഴ ഡിവൈഎസ്പിക്കെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് എഎസ്പിയെയും സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയെയുമാണ് എറണാകുളം റൂറല്‍ എസ്പി ചുമതലപ്പെടുത്തിയിരിക്കുന്നത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി ഉണ്ടാകുമെന്നാണ് വിവരം.
അതിനിടെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ കേസെടുത്ത പൊലീസ് കല രാജുവിന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. നിലവില്‍ കല രാജു ആശുപത്രിയില്‍ ചികിത്സയിലാണ്. പട്ടാപ്പകല്‍ കല രാജുവിനെ സിപിഐഎം പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോകുമ്പോള്‍ അവിടെ പൊലീസ് ഉണ്ടായിരുന്നു എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. തട്ടിക്കൊണ്ടുപോകുന്നതിന് പൊലീസ് ഒത്താശ ചെയ്ത് കൊടുത്തതായും വണ്ടിയില്‍ കയറ്റാന്‍ സിപിഐഎം പ്രവര്‍ത്തകരെ സഹായിച്ചതായും യുഡിഎഫ് ആരോപിക്കുന്നു. സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് എറണാകുളം റൂറല്‍ എസ്പി നടപടി സ്വീകരിച്ചത്.
തന്നെ കടത്തിക്കൊണ്ടുപോയത് സിപിഐഎം നേതാക്കള്‍ ആണെന്നാണ് കല രാജു ആരോപിച്ചത്. സ്ത്രീയെന്ന പരിഗണന നല്‍കിയില്ല. പൊതുജനമധ്യത്തില്‍ വസ്ത്രം വലിച്ചുകീറി. വാഹനത്തിലേക്ക് വലിച്ചിഴച്ചതായും കല രാജു മാധ്യമങ്ങളോട് പറഞ്ഞു. സംഘര്‍ഷാവസ്ഥ ഉണ്ടായിട്ടും പൊലീസ് മതിയായ സുരക്ഷ ഒരുക്കിയില്ല. സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസിലേക്കാണ് കടത്തിക്കൊണ്ട് പോയതെന്നും അവര്‍ ആരോപിച്ചു. സിപിഐഎം കൗണ്‍സിലര്‍ കലാ രാജുവിന്റെ കുടുംബം നല്കിയ പരാതിയില്‍ കണ്ടാലറിയാവുന്ന 45 പേര്‍ക്കെതിരെയാണ്് പൊലീസ് കേസെടുത്തത്.