എറണകുളം : കുസാറ്റിൽ എഞ്ചിനീയറിങ് വിഭാഗം സംഘടിപ്പിച്ച സംഗീത നിശയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് നാല് പേർ മരിച്ച സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ചു. കുറ്റപത്രത്തിൽ മൂന്നു പ്രതികളാണുള്ളത്. മുൻ പ്രിൻസിപ്പൽ ദീപക് കുമാർ സാഹു, അധ്യാപകരായ ഗിരീഷ് കുമാർ തമ്പി, എൻ. ബിജു എന്നിവരാണ് പ്രതികൾ. മനപ്പൂർവമല്ലാത്ത നരഹത്യയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
മുൻ രജിസ്ട്രാറെ പ്രതി ചേർക്കേണ്ട സാഹചര്യമില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. പൊലീസ് സുരക്ഷ ആവശ്യപ്പെട്ടുള്ള കത്ത്കൈമാറുന്നതിൽ വീഴ്ച വരുത്തിയെന്ന് ആരോപണം ഉയർന്നിരുന്നു. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘം കളമശ്ശേരി മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ദുരന്തം നടന്ന് ഒരു വർഷവും രണ്ടുമാസവും പിന്നിടുമ്പോഴാണ് കുറ്റപത്രം സമർപ്പിക്കുന്നത്. 2023 നവംബർ 25നാണ് ദുരന്തം ഉണ്ടായത്.