കൽപ്പറ്റ : വയനാട് ഡി സി സി ട്രഷറര്‍ ആയിരുന്ന എന്‍ എം വിജയന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം. ഐ സി ബാലകൃഷ്ണന് എം എല്‍ എ, ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്, കെ കെ ഗോപിനാഥ് എന്നി കോണ്‍ഗ്രസ് നേതാക്കള്‍ക്കാണ് കല്‍പ്പറ്റ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ മാസം ഒന്‍പതിനായിരുന്നു എന്‍ എം വിജയന്റെ ആത്മഹത്യയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയത്. കേസിലെ സാക്ഷികളെ സ്വാധീനിക്കരുത്, തെളിവുകള്‍ നശിപ്പിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യപ്പെടുമ്പോള്‍ ചോദ്യം ചെയ്യലിന് ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ രണ്ടു ദിവസങ്ങളിലായി വാദം കേട്ട ശേഷമാണ് കേസില്‍ ഇന്ന് വിധി പ്രസ്താവിച്ചത്. കെപിസിസി പ്രസിഡണ്ടിന് എഴുതിയ കത്തുകള്‍ മരണക്കുറിപ്പായി പരിഗണിക്കണമെന്നും ഡയറിക്കുറിപ്പിലും ഫോണ്‍കോളുകളിലും സാമ്പത്തിക ഇടപാടുകള്‍ക്ക് തെളിവുകള്‍ ഉണ്ടെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചിരുന്നു. തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു. എന്‍എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസും ഇതിനോട് ബന്ധമുള്ള മൂന്ന് വഞ്ചനാ കേസുകളും ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നാണ് എന്‍എം വിജയനും മകന് ജിജേഷും ആത്മഹത്യ ചെയ്തത്. ബത്തേരിയിലെ സഹകരണ ബാങ്കുകളിലെ നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളുടെ അറിവോടെ പാര്‍ട്ടിക്കായി പണം വാങ്ങിയെന്നും, എന്നാല്‍ നിയമനം നടക്കാതെ വന്നപ്പോള്‍, ബാധ്യത മുഴുവന്‍ തന്റെ തലയിലായി എന്നുമാണ് എന്‍ എം വിജയന് ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നത്.