വയനാട് : പുൽപ്പള്ളിയിലെ അമരക്കുനിയിൽ നാടിനെ ഭീതിയിലാഴ്ത്തിയ കടുവയെ കൂട്ടിലാക്കി. തൂപ്രയിൽ സ്ഥാപിച്ച കൂട്ടിലാണ് പത്താം ദിവസമായപ്പോൾ കടുവ കുടുങ്ങിയത്. ഇന്നലെ രാത്രി 11.30ഓടെയാണു കടുവ കൂട്ടിൽ കുടുങ്ങിയത്. തൂപ്രയിലെ കേശവന്റെ വീടിന് താഴെയുള്ള വയലിന് സമീപം സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയിരിക്കുന്നത്.
അഞ്ച് കൂടുകളാണ് കടുവയ്ക്കായി വനം വകുപ്പ് സ്ഥാപിച്ചിരുന്നത്. അതിൽ ഒന്നായിരുന്നു തൂപ്രയിലേത്. കടുവയുടെ ആരോഗ്യസ്ഥിതി വനംവകുപ്പ് നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. എട്ട് വയസോളം പ്രായമുണ്ട് കടുവയ്ക്ക്. ഇന്നലെ രാത്രി തന്നെ കടുവയെ വന്യമൃഗ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി.
കടുവയ്ക്ക് എന്തെങ്കിലും തരത്തിൽ ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിൽ കൃത്യമായ പരിചരണവും ഉറപ്പാക്കും. ഒരാഴ്ചയ്ക്കിടെ പ്രദേശത്തെ അഞ്ച് ആടുകളെയാണ് കടുവ കൊന്നത്. സംഭവത്തിൽ വലിയ രീതിയിലുള്ള പ്രതിഷേധം ഉയർന്നിരുന്നു.
കടുവ ആദ്യത്തെ ആടിനെ പിടികൂടിയത് കഴിഞ്ഞ ഏഴാം തീയതിയാണ്. രാപ്പകൽ വ്യത്യാസമില്ലാതെ വനംവകുപ്പ് ഉദ്യോഗസ്ഥർ അമരക്കുനിയിൽ കടുവയെ കൂട്ടിലാകുന്നതിനായി സജ്ജമായിരിക്കുകയായിരുന്നു.