മുംബൈ : ബോളിവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റു. മുംബൈയിലെ ബാന്ദ്രയിലുള്ള വസതിയിലേക്ക് അതിക്രമിച്ചു കയറിയ അജ്ഞാതനാണ് കുത്തിയത്. രണ്ടിലധികം തവണ കുത്തേറ്റിട്ടുണ്ട്. വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിക്കായിരുന്നു സംഭവം. തുടര്‍ന്ന് താരത്തെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തു.
ബാന്ദ്രയിലെ ഫ്ലാറ്റിന്റെ പതിനൊന്നാം നിലയിലാണ് സെയ്ഫ് അലി ഖാൻ താമസിച്ചിരുന്നത്. അവിടേക്ക് കടന്നുകയറിയ അജ്ഞാതൻ വേലക്കാരിയുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയായിരുന്നു. അക്രമിയോട് സംസാരിക്കുന്നതിനിടെ സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് മുംബൈ പൊലീസ് പറയുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. മോഷണശ്രമം സംശയിക്കുന്നതായും പൊലീസ് അറിയിച്ചു.