റായ്പൂർ : പുതിയ വമ്പൻ നിക്ഷേപവുമായി ഗൗതം അദാനി. 65000 കോടി രൂപയാണ് ഛത്തീസ്ഗഡിൽ എനർജി – സിമന്റ് വ്യവസായത്തിനായി പ്രഖ്യാപിച്ചത്. സംസ്ഥാന മുഖ്യമന്ത്രി വിഷ്ണു ദിയോ സായിയെ നേരിൽകണ്ട് ചർച്ച നടത്തിയ ശേഷമാണ് ഇക്കാര്യം അദാനി അറിയിച്ചതെന്ന് സംസ്ഥാന സർക്കാർ ഔദ്യോഗികമായി അറിയിച്ചു.
റായ്പൂരിൽ മുഖ്യമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്. റായ്പൂർ, കോർഭ, റായ്ഗഡ് എന്നിവിടങ്ങളിൽ 6000 കോടി രൂപയുടെ പവർ പ്ലാന്റുകളും സംസ്ഥാനത്തെ സിമന്റ് പ്ലാന്റുകളുടെ വികസനത്തിന് 5000 കോടി രൂപയുമാണ് പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് വിദ്യാഭ്യാസം, തൊഴിൽ നൈപുണ്യം, ആരോഗ്യം എന്നിവ മെച്ചപ്പെടുത്താൻ അടുത്ത നാല് വർഷം കൊണ്ട് 10000 കോടി ചെലവഴിക്കാം എന്നും അദാനി വാക്ക് നൽകി.
ഇതിനെല്ലാം പുറമെ പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ വികസിപ്പിക്കുന്നതിനടക്കം ധന നിക്ഷേപം നടത്തുന്നത് യോഗത്തിൽ ഇരുവരും ചർച്ച ചെയ്തു. കൂടാതെ ഛത്തീസ്ഗഡിൽ ഡാറ്റാ സെന്ററും ഗ്ലോബൽ കൈപ്പബിലിറ്റി സെന്ററും സ്ഥാപിക്കുന്നതും ഇരുവരും ചർച്ച ചെയ്തു. എങ്കിലും ഈ വിഷയങ്ങളിൽ എന്തെങ്കിലും തീരുമാനത്തിൽ എത്തിയോ എന്ന കാര്യം ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല.