കൊച്ചി : ഏകീകൃത കുര്‍ബാനയില്‍ മാറ്റമില്ലെന്ന് മെത്രാപ്പൊലീത്തന്‍ വികാരി മാര്‍ ജോസഫ് പാംപ്ലാനി. മാര്‍പ്പാപ്പയുടെ തീരുമാനം അന്തിമമാണ്. അത് അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. വിശ്വാസികള്‍ അക്കാര്യം മനസ്സിലാക്കണമെന്ന് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. എറണാകുളം അങ്കമാലി അതിരൂപത മെത്രാപോലീത്തന്‍ വികാരിയായി ചുമതലയേറ്റശേഷം മാധ്യമങ്ങളോട് ക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ പ്രതിഷേധവുമായി രംഗത്തുള്ളവര്‍ പിന്മാറണം. മുന്‍ ധാരണകളില്ലാതെ ചര്‍ച്ചകള്‍ക്ക് തയാറാണ്. എറണാകുളം – അങ്കമാലി അതിരൂപതയെ സിനഡ് കേള്‍ക്കും. ഏകീകൃത കുര്‍ബാന സംബന്ധിച്ച് സിനഡ് തീരുമാനിച്ചതും ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതുമായ കാര്യത്തില്‍നിന്ന് പിന്നാക്കം പോവുക എന്നത് അസാധ്യമായ കാര്യമാണ്. കേസ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ നിയമപരമായി മുന്നോട്ടുപോകുമെന്നും മാര്‍ പാംപ്ലാനി പറഞ്ഞു.
കത്തോലിക്കാ സഭയുടെ നിലപാട് അനുസരിച്ച് ഒരു കാര്യത്തില്‍ മാര്‍പ്പാപ്പ തീരുമാനം പ്രഖ്യാപിച്ചാല്‍ അത് അന്തിമമായിരിക്കും. ഏകീകൃത കുര്‍ബാനയര്‍പ്പണ രീതി നടപ്പിലാക്കുന്നതിനുള്ള ബോധവത്കരണത്തിന്റെ ഭാഗമായി ഞായറാഴ്ചകളിലെ കുര്‍ബാനയില്‍ ഒരെണ്ണമെങ്കിലും ചൊല്ലുന്ന വൈദികര്‍ക്കെതിരെ മറ്റ് നടപടികളുണ്ടാവില്ല. അത് തുടരാനാണ് സിനഡിന്റെ തീരുമാനം. അതിരൂപതയെ കേള്‍ക്കാനും അവരുടെ വിചാരങ്ങളും വികാരങ്ങളും മനസ്സിലാക്കാനുമുള്ള നിയോഗമാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് തന്നെ ഏല്പിച്ചിരിക്കുന്നത്. പ്രശ്നങ്ങൾ ശാന്തമായി പരിഹരിക്കുകയാണ് ലക്ഷ്യമെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
പഴയ കൂരിയാ പിരിച്ചുവിടുമോ എന്ന ചോദ്യത്തിന് നിലവിൽ ഒരു കൂരിയ ഉണ്ടല്ലോ എന്നായിരുന്നു ജോസഫ് പാംപ്ലാനിയുടെ മറുപടി. തലശേരി ബിഷപ്പായ മാര്‍ ജോസഫ് പാംപ്ലാനിക്ക് അതിരൂപയുടെ വികാരി എന്ന ചുമതല നല്‍കിക്കൊണ്ടുള്ള സിനഡ് തീരുമാനം മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ അറിയിച്ചു. ഏല്പിച്ച ചുമതല വിശ്വസ്തതയോടെ നിര്‍വഹിച്ചതായി അപ്പസ്തോലിക് അഡ്മിനിസ്ട്രേര്‍ സ്ഥാനമൊഴിഞ്ഞ മാര്‍ ബോസ്കോ പുത്തൂര്‍ പറഞ്ഞു. പ്രശ്ന പരിഹാരത്തിന് പരമാവധി ശ്രമിച്ചു. എന്തെങ്കിലും കുറവുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും ബിഷപ്പ് ബോസ്കോ പുത്തൂർ പറഞ്ഞു.