ചെന്നൈ : ചെന്നൈയിലെ അണ്ണാ സര്‍വകലാശാലയില്‍ ക്യാംപസില്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു. ഇന്നലെ രാത്രിയാണ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായത്. പാതിരാ കുര്‍ബാന കഴിഞ്ഞ് പള്ളിയില്‍ നിന്ന് ആണ്‍സുഹൃത്തിനൊപ്പം എത്തിയപ്പോഴാണ് അതിക്രമം ഉണ്ടായത്.
ഒപ്പമുണ്ടായിരുന്ന ആണ് സുഹൃത്തിനെ രണ്ടംഗസംഘം ക്രൂരമായി മര്‍ദിച്ചശേഷം പെണ്‍കുട്ടിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. നഗരത്തിലെ ഹൃദയഭാഗത്തുള്ള ക്യാംപസിനുള്ളില്‍ നടന്ന സംഭവം നാടിനെയാകെ നടുക്കിയിട്ടുണ്ട്. അക്രമികള്‍ ക്യാംപസിനുളളിലുള്ളവരാണോ, പുറത്തുനിന്നുള്ളവരാണോ എന്നറിയുന്നതിനായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പൊലിസ് പറഞ്ഞു.
പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്ത് സ്ത്രീകള്‍ സുരക്ഷിതരല്ലെന്നതാണ് സംഭവം വ്യക്തമാക്കുന്നതെന്ന് ബിജെപിയും എഐഎഡിഎംകെയും ആരോപിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നെന്നും ബിജെപി ആരോപിച്ചു. സംഭവം ലജ്ജാകരമാണെന്ന് മുന്‍ മുഖ്യമന്ത്രി പളനിസാമി പറഞ്ഞു.