കണ്ണൂര്‍ : കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ചക്കരക്കല്ലിലെ കണ്ണൂര്‍ ജില്ലാ ബില്‍ഡിങ് മെറ്റീരിയല്‍ കോ-ഓപ്പറേറ്റീവ് സൊസെറ്റിയില്‍ നടന്ന കോടികളുടെ സാമ്പത്തിക തട്ടിപ്പില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യവുമായി നിക്ഷേപകര്‍ രംഗത്ത്. കഴിഞ്ഞ ദിവസം നിക്ഷേപകരുടെ നേതൃത്വത്തില്‍ സൊസൈറ്റിക്ക് മുന്പില് നടന്ന സമര പ്രഖ്യാപന കണ്‍വെന്‍ഷനിലാണ് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന ആവശ്യം ഉയര്‍ന്നത്.
ഏകദേശം പതിനൊന്ന് കോടി രൂപയാണ് നൂറോളം നിക്ഷേപകരില്‍ നിന്നായി സൊസെറ്റി ഭാരവാഹികള്‍ തട്ടിയെടുത്തതെന്ന് സമരം ഉദ്ഘാടനം ചെയ്ത പി സത്യചന്ദ്രന് ആരോപിച്ചു. പണം തിരികെ ലഭിച്ചില്ലെങ്കില്‍ സെക്രട്ടറി, പ്രസിഡന്റ്, ജീവനക്കാര്‍ എന്നിവരുടെ വീടുകള്‍ക്ക് മുന്പില് നിക്ഷേപകര്‍ കൂട്ട ധര്‍ണ നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. വയനാട്ടിലെ ബാണാ സുര സാഗറില്‍ സെക്രട്ടറി നിക്ഷേപകരുടെ പണം ഉപയോഗിച്ച് റിസോര്‍ട്ട് വാങ്ങിയതായും സത്യചന്ദ്രന് ആരോപിച്ചു. കേരളത്തിലെ പല ഭാഗങ്ങളിലും റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തിയതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. വെറും ഇരുപതിനായിരം രൂപ ശമ്പളമുള്ള സെകട്ടറി ഒന്നര കോടിയുടെ വീട് പണിതത് എങ്ങനെയാണെന്ന് വ്യക്തമാക്കണമെന്നും സത്യചന്ദ്രന് ആവശ്യപ്പെട്ടു.
സംയുക്ത സമരപ്രഖ്യാപനത്തില്‍ പങ്കെടുക്കാനെത്തിയ നിക്ഷേപകര്‍ക്ക് പറയാനുള്ളത് ഞെട്ടിക്കുന്ന കഥകളായിരുന്നു. തന്റെയും അമ്മയുടെയും പേരില്‍ വ്യാജ ഒപ്പിട്ട് 33 ലക്ഷത്തോളം രൂപ സൊസെറ്റി ഭാരവാഹികള്‍ തട്ടിയെടുത്തുവെന്ന് ചക്കരക്കല്ലിലെ യുവതി പറഞ്ഞു. സൊസെറ്റിയില്‍ നിന്ന് വീട്ടില്‍ നോട്ടീസ് വന്നതറിഞ്ഞ് അന്വേഷിക്കാന്‍ പോയപ്പോഴാണ് തന്റെയും അമ്മയുടെയും പേരില്‍ ഇത്ര വലിയ തുകയ്ക്കുള്ള ബാധ്യതയുണ്ടെന്ന് അറിഞ്ഞത്. 2013ല്‍ അമ്മയ്ക്ക് ഇവിടെ ഒരു കുറിയുണ്ടായിരുന്നു. 2014 ല്‍ അത് ക്ളോസ് ചെയ്തു. എന്നാല്‍ അന്ന് നല്കിയ രേഖയും വ്യാജ ഒപ്പിട്ടുമാണ് ഇത്രയും വലിയ തുക തന്റെ പേര് ഉപയോഗിച്ച് പല തവണയായി തട്ടിയെടുത്തതെന്നും യുവതി പറഞ്ഞു.
ജോലിയില്‍ നിന്നും വിരമിച്ച സമയം ലഭിച്ച പിഎഫ് തുകയില്‍ നിന്നും നിക്ഷേപിച്ച പത്തുലക്ഷം രൂപ നഷ്ടമായ കഥയാണ് ചക്കരക്കല്‍ സോനാ റോഡിലെ മുന്‍ സര്‍ക്കാര്‍ ജീവനക്കാരിയായ വയോധികയ്ക്ക് പറയാനുണ്ടായിരുന്നത്. വീടു പണിക്ക് മാറ്റിവെച്ച തുകയും കണ്ണൂര്‍ വിമാനത്താവളത്തിന് വേണ്ടി സ്ഥലം ഏറ്റെടുത്ത സമയം ലഭിച്ച തുകയും നിക്ഷേപിച്ച് തട്ടിപ്പിന് ഇരയായവരും കൂട്ടത്തിലുണ്ട്. നേരത്തെ ഇവിടെ ഓഡിറ്റിങ്ങിന് എത്തിയവരില്‍ ഒരാള്‍ക്ക് ലഭിച്ച തട്ടിപ്പ് വിവരം ബന്ധപ്പെട്ടവരെ അറിയിക്കാതിരിക്കാന്‍ അയാളുടെയും ഭാര്യയുടെയും പേരില്‍ ലോണ്‍ അനുവദിച്ചതായും നിക്ഷേപകര്‍ ആരോപിച്ചു.
സൊസൈറ്റി പ്രതിസന്ധിയിലാണെന്ന് മനസിലായ ശേഷവും ഈ കാര്യം മറച്ചുവെച്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നിരവധി പേരെ കൊണ്ടു ഇവിടെ പണം നിക്ഷേപിച്ചതായും കണ്‍വെന്‍ഷനില്‍ ആരോപിച്ചു. തട്ടിപ്പിനെ കുറിച്ച് മുഖ്യമന്ത്രി, സഹകരണ വകുപ്പ് മന്ത്രി, ഡിജിപി എന്നിവര്‍ക്ക് പരാതി നല്‍കിയതായും നിക്ഷേപകര്‍ അറിയിച്ചു.