കണ്ണൂര്‍ : കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. ഗവര്‍ണര്‍ സ്വീകരിച്ചത് ഭരണഘടന വിരുദ്ധമായ കാര്യങ്ങളാണ്. പുതിയ ഗവര്‍ണര്‍ ഭരണഘടനയ്ക്ക് വിധേയമായി പ്രവര്‍ത്തിക്കണമെന്നും എംവി ഗോവിന്ദന് കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു
സംസ്ഥാനത്ത് ഗവര്‍ണറെ മാറ്റിയിരിക്കുകയാണ്. അത് ചില മലയാള മാധ്യമങ്ങള്‍ അത് വലിയ ആഘോഷമാക്കിയാണ് അവതരിപ്പിച്ചതെന്ന് എംവി ഗോവിന്ദന് പറഞ്ഞു. ഗവര്‍ണര്‍ പ്രധാന പ്രതിപക്ഷമായിരുന്നു. വലിയ ജനകീയ അംഗീകാരമുള്ള ഗവര്‍ണര്‍, ജനങ്ങളുടെ സ്വീകാര്യത നേടിയിട്ടുള്ള ഗവര്‍ണര്‍ എന്നാണ് പ്രമുഖ മലയാള പത്രങ്ങളുടെ വ്യാഖ്യാനം. അതിന്റെ പ്രധാന കാരണം സംസ്ഥാന സര്‍ക്കാരുമായി തെറ്റുന്നു എന്നതായിരുന്നു. കൂടാതെ സര്‍ക്കാരിന്റെ നിലപാടുകള്‍ക്ക് എതിരായി സംഘപരിവാറിന്റെ അജണ്ട നടപ്പാക്കിയതാണ് വീരേതിഹാസം രചിച്ച ഗവര്‍ണാറാക്കി മാറ്റിയതെന്നും ഗോവിന്ദന് പറഞ്ഞു.
‘ ഇത് അങ്ങേയറ്റം ജനവിരുദ്ധമായ സമീപനമാണ്. ഗവര്‍ണര്‍ ഭരണഘടനാ പരമായാണ് പ്രവര്‍ത്തിക്കേണ്ടത്. കമ്യൂണിസ്റ്റാണോ, കോണ്‍ഗ്രസ് ആണെന്നാണോ നോക്കിയിട്ടില്ല. ഭരണഘടനാ വിരുദ്ധമായ നിലപാടാണ് ഗവര്‍ണര്‍ സ്വീകരിച്ചത്. നിയമസഭ പാസാക്കുന്ന നിയമങ്ങള്‍ക്ക് അംഗീകാരം കൊടുക്കാതിരിക്കുക. സുപ്രീം കോടതി ഇടപെടുമ്പോള്‍ അത് ഒരുതരത്തിലും പൊങ്ങാതെ വരുന്ന രീതിയില്‍ രാഷ്ട്രപതിക്ക് അയക്കുക തുടങ്ങിയ കേട്ടുകേള്‍വിയില്ലാത്ത നിലയിലാണ് പെരുമാറിയത്. അതിനെ വെള്ളപൂശാന്‍ വേണ്ടിയുള്ള ശ്രമമാണ് മാധ്യമങ്ങള്‍ നടത്തിയിട്ടുള്ളത്. അത് തികച്ചും കേരള വിരുദ്ധമായ സമീപനമാണ്.
പുതിയ ഗവര്‍ണര്‍ വന്നിരിക്കുന്നു. ബിജെപിയാണ് നോമിനേറ്റ് ചെയ്യുന്നത്. പരമ്പരാഗത ആര്‍എസ്എസ് -ബിജെപി സംവിധാനത്തെ അടിസ്ഥാനമാക്കിയാണ് ഗവര്‍ണറെ നിയമിക്കുന്നത്. വരുന്ന ഗവര്‍ണറെ പറ്റി മുന്‍കൂട്ടി പ്രവചിക്കാനില്ല. ഭരണഘടനാ രീതിയില്‍ പ്രവര്‍ത്തിക്കണം. ഇടതുപക്ഷജനാധിപത്യമുന്നണിയുമായി ചേര്‍ന്നുപ്രവര്‍ത്തിക്കുകയാണ് വേണ്ടത്’ എംവി ഗോവിന്ദന് പറഞ്ഞു.