ന്യൂഡല്‍ഹി : കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ പത്ത് ലക്ഷത്തോളം പേര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് ഒരു റെക്കോര്‍ഡ് നേട്ടമാണെന്നും മോദി പറഞ്ഞു. പുതുതായി നിയമിതരായവര്‍ക്കുള്ള 71,000-ലധികം നിയമനക്കത്തുകള്‍ വിതരണം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മോദി.
തന്റെ സര്‍ക്കാരിന്റെ പരിപാടികളുടെയും നയങ്ങളുടെയും കേന്ദ്രബിന്ദു യുവജനങ്ങളാണെന്ന് മോദി പറഞ്ഞു. അവരോടുള്ള സത്യസന്ധതയും സുതാര്യതയുമാണ് ഈ നിയമനങ്ങളെന്നും മോദി പറഞ്ഞു. നിയമനത്തില്‍ വലിയൊരു വിഭാഗം സ്ത്രീകളാണെന്ന് പറഞ്ഞ മോദി എല്ലാ മേഖലയിലും അവരെ സ്വയം പര്യാപ്തരാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. 26 ആഴ്ച പ്രസവാവധി അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സത്രീകളുടെ കരിയറില്‍ വളരെയധികം സഹായകമായിട്ടുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ യുവാക്കളുടെ കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്തുക എന്നതിനാണ് തന്റെ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് മോദി പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് ഇന്ത്യയായാലും ഡിജിറ്റല്‍ ഇന്ത്യയായാലും ബഹിരാകാശ, പ്രതിരോധ മേഖലകളിലും ഇത് കാണാന്‍ കഴിയുമെന്നും മോദി പറഞ്ഞു. രാഷ്ട്രനിര്‍മാണത്തിലും സ്വയംശാക്തീകരണത്തിലും പങ്കാളികളാകാന്‍ യുവാക്കള്‍ക്കിത് അര്‍ഥവത്തായ അവസരങ്ങളേകുമെന്നും മോദി പറഞ്ഞു.
തിങ്കളാഴ്ച രാവിലെ 10:30 ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് പ്രധാനമന്ത്രി നിയമനങ്ങള്‍ നല്‍കിയത്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന പദ്ധതിയാണ് റോസ്ഗര് മേള. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഉയര്‍ന്ന മുന്‍ഗണന നല്‍കാനുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധത നിറവേറ്റുന്നതിനുള്ള ചുവടുവയ്പ്പാണ് റോസ്ഗര് തൊഴില്‍ മേളയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു. പ്രസ്താവനയിലുണ്ട്.
രാജ്യത്തുടനീളം 45 ഇടങ്ങളിലാണു തൊഴില്‍മേള നടക്കുന്നത്. കേന്ദ്രഗവണ്മെന്റിന്റെ വിവിധ മന്ത്രാലയങ്ങളിലേക്കും വകുപ്പുകളിലേക്കുമാണ് നിയമനങ്ങള്‍. പുതുതായി നിയമിതരാകുന്നവര്‍ രാജ്യമെമ്പാടും ആഭ്യന്തര മന്ത്രാലയം, തപാല്‍ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, സാമ്പത്തിക സേവന വകുപ്പ് എന്നിവയുള്‍പ്പെടെ വിവിധ മന്ത്രാലയങ്ങളുടെ/വകുപ്പുകളുടെ ഭാഗമാകും.