കല്‍പ്പറ്റ : വയനാട്ടില്‍ പി ഗഗാറിനെ വോട്ടെടുപ്പിലൂടെ തോല്‍പ്പിച്ച് യുവനേതാവ് കെ റഫീക്ക് സിപിഐഎം ജില്ലാ സെക്രട്ടറി. അപ്രതീക്ഷിതമായാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടന്നത്. നിലവില്‍ ഡിവൈഎഫ്ഐ വയനാട് ജില്ലാ സെക്രട്ടറിയാണ് റഫീക്ക്
പുതുതായി തെരഞ്ഞെടുക്കപ്പെട്ട 27 അംഗകമ്മറ്റിയില്‍ ഭൂരിഭാഗം പേരും റഫീക്കിനെ പിന്തുണയ്ക്കുകയായിരുന്നു. വോട്ടെടുപ്പില്‍ 16 അംഗങ്ങളുടെ പിന്തുണയോടെയാണ് റഫീക്ക് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഗഗാറിന് പതിനൊന്ന് വോട്ടാണ് ലഭിച്ചത്. ജില്ലാ സമ്മേളനത്തിലെ പൊതുചര്‍ച്ചയില്‍ ഗഗാറിനെതിരെ ഒരുവിഭാഗം രംഗത്ത് എത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎം ശക്തികേന്ദ്രങ്ങളിലുണ്ടായ വോട്ടുചോര്‍ച്ചയും ഒരുവിഭാഗം ഗഗാറിനെതിരെ ആയുധമാക്കിയിരുന്നു.
സമ്മേളം ഐകകണ്ഠ്യനേയാണ് സെക്രട്ടറിയെ തെരഞ്ഞെടുത്തതെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗങ്ങളായി ഇപി ജയാജനും പികെ ശ്രീമതിയും മാധ്യമങ്ങളോട് പറഞ്ഞു. ജില്ലാ കമ്മറ്റി, ജില്ലാ സെക്രട്ടറി, സംസ്ഥാന സമ്മേളന പ്രതിനിധികള്‍ എല്ലാ ഐകകണ്ഠ്യനേയാണ് തെരഞ്ഞെടുത്തതെന്ന് ഇപി ജയരാജന് പറഞ്ഞു. പിന്നെ എന്തിനാണ് സമ്മേളനത്തില്‍ മത്സരമെന്ന് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ കൊടുക്കുന്നത്? സമ്മേളനത്തില്‍ പുതിയ സെക്രട്ടറിമാര്‍ വരും. പഴയ സെക്രട്ടറിമാര്‍ വേറെ ചുമതലയേറ്റെടുത്ത് പ്രവര്‍ത്തിക്കും അതല്ലേ പാര്‍ട്ടി രീതി. മാധ്യമപ്രവര്‍ത്തകര്‍ തെറ്റായ ധാരണകള്‍ വച്ച് പുലര്‍ത്തി പാര്‍ട്ടിക്ക് നേരെ ആക്ഷേപം കണ്ടെത്താന്‍ ഇത്തരത്തില്‍ വാര്‍ത്തകള്‍ കൊടുക്കാതെ നടന്ന കാര്യങ്ങള്‍ സത്യസംബന്ധമായി റിപ്പോര്‍ട്ട് ചെയ്യൂ എന്നും ജയരാജന് പറഞ്ഞു. സമ്മേളനത്തില്‍ മത്സരം ഉണ്ടായിട്ടില്ലെന്ന് പികെ ശ്രീമതിയും മാധ്യമങ്ങളോട് പറഞ്ഞു.
ജില്ലാ സമ്മേളനം തെരഞ്ഞെടുത്ത 27 അംഗ കമ്മറ്റിയില്‍ അഞ്ച് പുതുമുഖങ്ങള്‍ ഉണ്ട്. ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി കൂടിയായ 36കാരനായ റഫീക്ക് ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ സിപിഐഎം ജില്ലാ സെക്രട്ടറിയാണ്.