തിരുവനന്തപുരം : എഡിജിപി എംആര്‍ അജിത്കുമാര്‍ തനിക്കെതിരെ കള്ളമൊഴി നല്‍കിയെന്ന് ഇന്റലിജന്‍സ് എഡിജിപി പി വിജയന്റെ പരാതി. തനിക്ക് കരിപ്പൂരിലെ സ്വര്‍ണ കള്ളക്കടത്തുകാരുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘത്തിന് അജിത് കുമാര്‍ നല്കിയ മൊഴി കള്ളമാണെന്നും കേസ് എടുക്കണമെന്നും വിജയന് ഡിജിപി എസ് ദര്‍വേഷ് സാഹിബിന് നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടതായാണ് വിവരം.
സാധാരണ നിലയില്‍ ഡിജിപിക്കുതന്നെ ഇത്തരം പരാതികളില്‍ നടപടിയെടുക്കാമെങ്കിലും ഉന്നത തസ്തികയില്‍ ഇരിക്കുന്ന 2 മുതിര്‍ന്ന ഓഫീസര്‍മാര്‍ തമ്മിലുള്ള പ്രശ്നമായതിനാല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശിച്ച് ആഭ്യന്തരവകുപ്പിന് കൈമാറി.
നേരത്തെ അജിത് കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടയാളാണ് വിജയന്. കോഴിക്കോട് എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസിലെ പ്രതികളെ പിടികൂടി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ യാത്രാവിവരം ചില മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിനല്‍കിയെന്നായിരുന്നു അജിത്തിന്റെ റിപ്പോര്‍ട്ട്. കേരള പൊലിസിലെ തീവ്രവാദവിരുദ്ധ സേനയുടെ തലവനായ വിജയനെ 2023ല്‍ സസ്പെന്‍ഡ് ചെയ്തു. പിന്നാലെ എഡിജിപി കെ പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പി വിജയന്റെ റിപ്പോര്‍ട്ട് തള്ളി. സര്‍വീസില്‍ തിരിച്ചെത്തിയ വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചിരുന്നു.
പിവി അന്‍വര്‍ വിവാദത്തില്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയതോടെയുണ്ടായ അഴിച്ചുപണിയില്‍ വിജയന് ഇന്റലിജന്‍സ് മേധാവിയായി.