വയനാട് : മുണ്ടക്കൈ പുനരധിവാസവത്തിൽ ഇപ്പോൾ പുറത്തുവിട്ട ലിസ്റ്റ് അന്തിമമല്ലെന്ന് റവന്യു മന്ത്രി കെ.രാജൻ. പരാതി നൽകാൻ 15 ദിവസത്തെ സമയമുണ്ടെന്നും മുഴുവൻ പരാതിയും പരിശോധിച്ച് നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സർക്കാരിന്റെ ലക്ഷ്യം ആരെയും ഒഴിവാക്കൽ അല്ലെന്നും, എല്ലാവരെയും ഉൾപ്പെടുത്തിയാണ് പുനരധിവാസമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
‘ദുരന്തത്തിൽ വീട് പൂർണമായി നഷ്ടമായവർ, വീട് പൂർണ്ണമായും നഷ്ടമായില്ലെങ്കിലും അവിടേക്ക് ഇനി പോകാൻ കഴിയാത്തവർ എന്നിങ്ങനെ രണ്ട് ഘട്ടത്തിലായാണ് പട്ടിക നടപ്പിലാക്കുന്നത്. ഒന്നാമത്തെ ലിസ്റ്റ് ആണ് ഇപ്പോൾ തയ്യാറാക്കിയിട്ടുള്ളത്. ദുരന്തത്തിൽപ്പെട്ട ഒരാളെ പോലും ഒഴിവാക്കില്ല. കോടതിയിലെ തീരുമാനം കൂടി വന്നാൽ വേഗത്തിൽ പുനരധിവാസം നടക്കും. ആരുടെ എങ്കിലും പേര് ഉൾപ്പെട്ടില്ലെങ്കിൽ അത് ഉൾപ്പെടുത്താവുന്നതാണ്. അർഹത മാത്രമാണ് അതിനുള്ള മാനദണ്ഡം’ എന്ന് മന്ത്രി പറഞ്ഞു. അനാവശ്യമായിട്ടുള്ള വിവാദങ്ങൾ കേവല താല്പര്യങ്ങൾക്ക് വേണ്ടി ആരും പറയരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു.