ന്യൂഡല്‍ഹി : പാര്‍ലമെന്റിന് പുറത്ത് നടന്ന എംപിമാരുടെ കയ്യാങ്കളി അദാനി വിഷയം ചര്‍ച്ച ചെയ്യാതിരിക്കാനായി ബിജെപി ആസൂത്രണം ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. നരേന്ദ്രമോദിയെ ഗൗതം അദാനിക്കെതിരായ നിയമനടപടകളില്‍ നിന്ന് പൊതുജന ശ്രദ്ധ തിരിക്കാനാണ് ബിജെപിയുടെ ശ്രമമെന്നും രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
‘അവര്‍ ശ്രദ്ധ തിരിക്കാനായി പുതിയതന്ത്രം ആരംഭിച്ചു. എല്ലാ എംപിമാരും പാര്‍ലമെന്റ് ഹൗസിലേക്ക് സമാധാനപരമായി പോകുകയായിരുന്നു. ബിജെപി എംപിമാര്‍ പാര്‍ലമെന്റ് ഹൗസിന്റെ കോണിപ്പടിയില്‍ ഞങ്ങളെ തടഞ്ഞു. അവര്‍ മറയ്ക്കാന്‍ ശ്രമിക്കുന്ന വിഷയം നരേന്ദ്രമോദിയുടെ സുഹൃത്തായ അദാനിക്കെതിരെ അമേരിക്കയിലെ കേസാണ്. അയാളെ അവിടെ പ്രതിചേര്‍ത്തിരിക്കുന്നു, മോദി ഇന്ത്യയെ അദാനിക്ക് വില്‍ക്കുന്നു. ഇതില്‍ ചര്‍ച്ച ആവശ്യമില്ലെന്നാണ് ബിജെപി നിലപാട്’- രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ബിജെപി നുണ പ്രചരിപ്പിക്കുകയാണെന്ന് രാഹുലിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. അംബേദ്കറിനും നെഹ്റുവിനും എതിരെ ബിജെപി നുണകള്‍ പറഞ്ഞ് പരത്തുകയാണ്. സഭാ നടപടികള്‍ മുന്നോട്ട് പോകണം എന്നാണ് തങ്ങള്‍ക്ക്. അതുകൊണ്ടുതന്നെ സഭ തടസപ്പെടുത്താന്‍ കഴിഞ്ഞ ദിവസങ്ങളില്‍ തങ്ങള്‍ ശ്രമിച്ചിട്ടില്ല. വസ്തുതകള്‍ പുറത്തുവരണമെന്നും ഖാര്‍ഗെ പറഞ്ഞു.
അംബേദ്ക്കര്‍ക്ക് എതിരായ അമിത ഷായുടെ പരാമര്‍ശത്തെ ശക്തമായി അപലപിക്കുന്നുവെന്നും ഖാര്‍ഗെ പറഞ്ഞു. അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. തങ്ങളുടെ ഇന്നത്തെ പ്രതിഷേധം സമാധാനപരമായിരുന്നു. ഭരണപക്ഷം തങ്ങളെ പാര്‍ലമെന്റ് കവാടത്തില്‍ തടഞ്ഞു. വനിതാ എംപിമാരെ അടക്കം തടഞ്ഞു. മസില് പവര്‍ കാണിക്കാനാണ് ബിജെപി ശ്രമിച്ചത്. ബിജെപിയുടെ ആക്രമണത്തില്‍ തനിക്ക് പരിക്ക് പറ്റി. താന്‍ താഴെ വീണുപോയെന്നും ഖര്‍ഗെ പറഞ്ഞു.