കോഴിക്കോട് : വടകരയില്‍ വാഹനമിടിച്ച് ഒന്‍പത് വയസുകാരി കോമയിലായ സംഭവത്തില്‍ പ്രതി ഷെജീലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കോടതി. വിദേശത്തുള്ള ഇയാളുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് തള്ളിയത്. പ്രാസിക്യൂഷന് വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി ജാമ്യം തള്ളിയത്.
കേസില്‍ പ്രതിയെ നാട്ടിലെത്തിച്ച് അറസ്റ്റു ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് അന്വേഷണസംഘം ഉടന്‍ കടക്കും. വടകര ചോറോട് നടന്ന അപകടത്തില്‍ തലശ്ശേരി പന്ന്യന്നൂര്‍ പഞ്ചായത്ത് ഓഫീസിനുസമീപം താമസിക്കുന്ന 62-കാരി പുത്തലത്ത് ബേബി മരിക്കുകയും മകളുടെ മകള്‍ ഒന്‍പത് വയസ്സുകാരി ദൃഷാന ഗുരുതരമായി പരിക്കേറ്റ് കോമയിലാവുകയും ചെയ്ത സംഭവത്തിലെ പ്രതിയാണ് ഷെജീല്‍. കേസില്‍ മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഷെജീല്‍ ആണ് വാഹനമോടിച്ചിരുന്നത് എന്ന് പൊലീസ് കണ്ടെത്തിയത്. ദൃഷാനയുടെ മുത്തശ്ശി അപകടത്തില്‍ മരിച്ചിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 17-ന് രാത്രി വടകരയ്ക്കു സമീപം ചോറോട് അമൃതാനന്ദമയീമഠം സ്റ്റോപ്പിലാണ് അപകടമുണ്ടായത്. രാത്രി ഒമ്പതുമണിയോടെ ചോറോടിലെ ബന്ധുവീട്ടിലേക്ക് പോകാനായി ബസ്സിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് വെള്ളനിറത്തിലുള്ള കാര്‍ ഇരുവരെയും ഇടിച്ചുവീഴ്ത്തിയത്. കാര്‍ നിര്‍ത്താതെ പോയി.
വാഹനമോടിച്ച ആര്‍സി ഉടമ പുറമേരി സ്വദേശി ഷെജീല്‍ ഇതിനിടെ വിദേശത്തേക്ക് കടന്നിരുന്നു. അശ്രദ്ധമായി വാഹനമോടിക്കുകയും അപകടമുണ്ടാക്കുകയുമായിരുന്നു. അപകടം നടന്നശേഷം പിടിക്കപ്പെടുമെന്ന് കരുതി രക്ഷപ്പെട്ട ഇയാള്‍ പിന്നിട് കാര്‍ രൂപമാറ്റം വരുത്തി.