ന്യൂഡല്‍ഹി : 2025 മുതല്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി(എന്‍ടിഎ) ഒരു റിക്രൂട്ട്മെന്റ് പരീക്ഷകളും സംഘടിപ്പിക്കില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്. എന്‍ടിഎ ഉന്നത വിദ്യാഭ്യാസ പ്രവേശന പരീക്ഷകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നീറ്റ് പരീക്ഷ പേപ്പര്‍ ചോര്‍ന്നതിനെ തുടന്ന് രൂപീകരിച്ച ഉന്നതതല സമിതിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് പുതിയ പരിഷ്കാരം. നീറ്റ് പരീക്ഷ പേനയും പേപ്പറും ഉപയോഗിച്ചുള്ളത് നടത്തണോ, കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയിലേക്ക് (സിബിടി) മാറണോ എന്നതില്‍ മന്ത്രാലയം ആരോഗ്യ മന്ത്രാലയവുമായി ചര്‍ച്ച നടത്തിവരികയാണെന്നും മന്ത്രി അറിയിച്ചു. കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (സിയുഇടി)-യുജി വര്‍ഷത്തിലൊരിക്കല്‍ നടത്തുന്നത് തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
പരീക്ഷകള്‍ കമ്പ്യൂട്ടര്‍ അഡാപ്റ്റീവ് ടെസ്റ്റിലേക്കും സാങ്കേതികവിദ്യാധിഷ്ഠിത പ്രവേശന പരീക്ഷകളിലേക്കും മാറാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ‘2025 ല്‍ എന്‍ടിഎ പുനഃക്രമീകരിക്കും. കുറഞ്ഞത് പത്ത് പുതിയ തസ്തികകളെങ്കിലും സൃഷ്ടിക്കപ്പെടും, കുറ്റമറ്റ രീതിയില്‍ പരിശോധന ഉറപ്പാക്കാന്‍ എന്‍ടിഎയുടെ പ്രവര്‍ത്തനത്തില്‍ നിരവധി മാറ്റങ്ങള്‍ വരുത്തും,’ ധര്‍മ്മേന്ദ്ര പ്രധാന് പറഞ്ഞു.