കൊച്ചി: അന്തരിച്ച സംഗീത സംവിധായകന് ബാലഭാസ്കറിന് സ്വര്‍ണ്ണ കള്ളക്കടത്ത് സംഘവുമായി ബന്ധമില്ലെന്ന് സിബിഐ. ബാലഭാസ്കറിനെ സംഘവുമായി ബന്ധിപ്പിക്കുന്നതിനോ അദ്ദേഹത്തിന്റെ മരണത്തില്‍ കള്ളക്കടത്ത് സംഘത്തിനുള്ള ബന്ധത്തിനോ ഒരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് സിബിഐ വ്യക്തമാക്കുന്നത്. ബാലഭാസ്കറിന്റെ മരണത്തിന് പിന്നില്‍ സ്വര്‍ണ കള്ളക്കടത്തു സംഘത്തിന്റെ പങ്കില്‍ മാതാപിതാക്കള്‍ സംശയം ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണ് സിബിഐയുടെ അനുബന്ധ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
2018 സെപ്റ്റംബര്‍ 25 നാണ് തിരുവനന്തപുരം പള്ളിപ്പുറത്തിന് സമീപം വാഹനാപകടത്തില്‍ ബാലഭാസ്കര്‍ മരിക്കുന്നത്. ബാലഭാസ്കറിന്റെ സുഹൃത്തുക്കളായ സുഹൃത്തുക്കളായ പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരം എന്നിവര്‍ സ്വര്‍ണക്കള്ളക്കത്തില്‍ പിന്നീട് പിടിയിലായിരുന്നു. എന്നാല്‍ ബാലഭാസ്കറിന്റെ മരണത്തിനു ശേഷം 2018 ഒക്ടോബറിനും 2019 മെയ്ക്കും ഇടയിലാണ് ഇവര്‍ കള്ളക്കടത്ത് നടത്തിയതെന്നാണ് സിബിഐ തുടരന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് സിബിഐയും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും ( ഡിആര്‍ഐ) വിശദമായി അന്വേഷിച്ചു. എന്നാല്‍ ബാലഭാസ്കറുമായോ, അപകടവുമായോ ബന്ധിപ്പിക്കാവുന്ന ഒരു തെളിവും ലഭിച്ചിട്ടില്ലെന്നാണ് സിബിഐ തുടരന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
അപകടത്തിന് ശേഷം പ്രകാശ് തമ്പി ബാലഭാസ്കറിന്റെ മൊബൈല്‍ ഫോണ്‍ കൊണ്ടുപോയതില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. ബാലഭാസ്കറിന്റെ മരണശേഷം സുഹൃത്തുക്കള്‍ ഉള്‍പ്പെട്ട സ്വര്‍ണ്ണക്കടത്ത് പ്രവര്‍ത്തനങ്ങള്‍ നടന്നുവെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ബാലഭാസ്കറിന്റെ ഫോണ്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ പ്രകാശ് തമ്പി ഒളിപ്പിച്ചുവെച്ചതും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ബാലഭാസ്കറിന്റെ ഭാര്യക്ക് അത് കൈമാറാന്‍ വിസമ്മതിച്ചതും എന്തുകൊണ്ടാണെന്നും കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ട് ഹൈക്കോടതി ചോദിച്ചിരുന്നു.
കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രകാശിന്റെയും വിഷ്ണുവിന്റെയും ഇടപെടല്‍ അങ്ങേയറ്റം സംശയാസ്പദമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഇക്കാര്യത്തില്‍ ഡിആര്‍ഐയുടെ രേഖകളും സാക്ഷിമൊഴികളും അടക്കം വിശദമായി പരിശോധിച്ചതായി സിബിഐ അനുബന്ധ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. വിഷ്ണുവും പ്രകാശും ഉള്‍പ്പെട്ട റാക്കറ്റ്, തിരുവനന്തപുരം വിമാനത്താവളത്തില്‍ മുന്‍ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് സൂപ്രണ്ട് രാധാകൃഷ്ണന് ഉള്‍പ്പെടെയുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പ്രവര്‍ത്തിച്ചിരുന്നതായി ഡിആര്‍ഐ കണ്ടെത്തി. ഡിആര്‍ഐ 2019 മെയ് 29 ന് പ്രകാശിനെയും 2019 ജൂണ്‍ 17 ന് വിഷ്ണുവിനെയും അറസ്റ്റ് ചെയ്തു. പിന്നീട് അവരെ ജാമ്യത്തില്‍ വിട്ടയച്ചു.
2014ല്‍ തിരുവനന്തപുരത്തെ സെന്‍ട്രല്‍ എക്സൈസ് വകുപ്പില്‍ രാധാകൃഷ്ണന് ജോലി ചെയ്യുമ്പോള്‍, സേവന നികുതിയുമായി ബന്ധപ്പെട്ട വിഷയം പരിശോധിക്കാനാണ് വിഷ്ണുവിനെ ബാലഭാസ്കര്‍ രാധാകൃഷ്ണന് പരിചയപ്പെടുത്തിയതെന്ന് കേസ് ഡയറിയില്‍ പറയുന്നതായി സിബിഐ പറഞ്ഞു. എന്നാല്‍ സേവന നികുതി രേഖകള്‍ പരിശോധിച്ചപ്പോള്‍ ക്രമക്കേടുകളൊന്നും കണ്ടെത്തിയില്ല. പ്രകാശ് ബാലബാസ്കറിന്റെ ഫോണ്‍ പിടിച്ചുവെച്ചതില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താനായിട്ടില്ല. പ്രകാശ് ഫോണ്‍ ദുരുപയോഗം ചെയ്തിട്ടില്ലെന്ന് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി പറഞ്ഞിട്ടുണ്ട്. മറിച്ചുള്ള ഒന്നും കണ്ടെത്താനും സാധിച്ചിട്ടില്ല. സിബിഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
ഫോണില്‍ ബാലഭാസ്കറിന്റെയും ലക്ഷ്മിയുടെയും അവരുടെ കുട്ടിയുടെയും കുടുംബ ചിത്രങ്ങള്‍ ഉണ്ടായിരുന്നതിനാലാണ് താന്‍ അത് കൈവശം വെച്ചത്. ലക്ഷ്മിയുടെ അവസ്ഥ സാധാരണ നിലയിലായാല്‍ ഫോണ്‍ തിരികെ നല്കാന് തീരുമാനിച്ചിരുന്നതായാണ് പ്രകാശ് പറഞ്ഞത്. കള്ളക്കടത്ത് കേസ് അന്വേഷണത്തിനിടെയാണ്, പ്രകാശിന്റെ വീട്ടില്‍ നിന്ന് ഡിആര്‍ഐ ബാലഭാസ്കറിന്റെ സാംസങ് ഗാലക്സി നോട്ട് ഉള്‍പ്പെടെ രണ്ട് ഫോണുകള്‍ പിടിച്ചെടുത്തത്. ഫോണ്‍ പരിശോധിച്ചെങ്കിലും ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട ഉപയോഗപ്രദമായ ഒരു വിവരവും ലഭിച്ചില്ല. ഫോണ്‍ വീട്ടില്‍ ഒളിപ്പിക്കാന്‍ പ്രകാശ് ശ്രമിച്ചിട്ടില്ലെന്നും സിബിഐ വ്യക്തമാക്കി.