പാലക്കാട് : പാലക്കാട് കല്ലടിക്കോട് പനയമ്പാടത്ത് ലോറി പാഞ്ഞുകയറി നാലു കുട്ടികളുടെ ജീവൻ നഷ്ടപ്പെട്ട സംഭവം ഞെട്ടിക്കുന്നതും ദാരുണവുമാണന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരിക്കേറ്റ കുട്ടികള്‍ക്ക് അടിയന്തിര ചികിത്സ നൽകുന്നതിന് സർക്കാർ സംവിധാനങ്ങൾ ഏകോപിച്ച് പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അപകടം സംബന്ധിച്ച് വിശദമായി പരിശോധിച്ച് ആവശ്യമായ നടപടികൾ കൈക്കൊള്ളും. മരണപ്പെട്ട കുട്ടികളുടെ ബന്ധുമിത്രാദികളെ അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. കരിമ്പ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ നാലു വിദ്യാര്‍ഥിനികളാണ് മരിച്ചത്.
പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. ഇർഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്. എട്ടാം ക്ലാസ് വിദ്യാർത്ഥിനികളാണ് ഇവർ. സ്കൂള്‍ വിട്ട് റോഡിന് വശത്തുകൂടി പോകുകയായിരുന്ന കുട്ടികള്‍ക്ക് മുകളിലേക്ക് നിയന്ത്രണം വിട്ടെത്തിയ ലോറി മറിയുകയായിരുന്നു.
മൂന്നു വിദ്യാര്‍ഥിനികളുടെ മൃതദേഹം തച്ചമ്പാറ ഇസാഫ് ആശുപ്തരിയിലാണ്. മറ്റൊരു വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം മണ്ണാര്‍ക്കാട് മദര്‍ കെയര്‍ ആശുപത്രിയിലുമാണുള്ളത്. കോഴിക്കോട്- പാലക്കാട് ദേശീയപാതയില്‍ വൈകീട്ട് നാലുമണിക്കാണ് അപകടം ഉണ്ടായത്. അമിത വേഗതയിലെത്തിയ ലോറി മറ്റൊരു വാഹനത്തില്‍ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് വിവരം.