പുതുപ്പള്ളി : ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ ഒറ്റയ്ക്ക് നിലക്കുന്ന ചിത്രം പങ്കുവെച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. വിവാദങ്ങൾക്കിടെയാണ് ചാണ്ടി ഉമ്മൻ ഫേസ്ബുക്കിൽ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ തനിക്ക് മാത്രം ചുമതല നൽകാതിരുന്നത് ഒതുക്കൽ ലക്ഷ്യമിട്ടാണെന്ന് ചാണ്ടി ഉമ്മൻ കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. ഈ നിലപാടിനെ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണച്ച് മുതിർന്ന നേതാക്കളായ കെ മുരളീധരനും തിരുവഞ്ചൂർ രാധാകൃഷ്ണനും ചെന്നിത്തലയും രംഗത്തെത്തിയതും കണ്ടതാണ്.ഇപ്പോഴിതാ ഈ വിഷയം ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽപ്പെടുത്താൻ ഒരുങ്ങിയിരിക്കുകയാണ് ചാണ്ടി ഉമ്മൻ. മുതിർന്ന നേതാക്കളെയും നേരിൽ കണ്ട് ഇക്കാര്യം ധരിപ്പിക്കാനാണ് നീക്കം.
കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ചതിനിടയാണ് പാർട്ടിയിൽ ചാണ്ടി ഉമ്മൻ പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ഉപതിരഞ്ഞെടുപ്പിൽ താനൊഴികെ മറ്റെല്ലാ എംഎൽഎമാർക്കും ചുമതല നൽകിയെന്ന ആരോപണത്തിൽ ചാണ്ടി ഉമ്മൻ ഉറച്ചുനിൽക്കുന്നു. മുതിർന്ന നേതാക്കളെ നേരിൽ കണ്ട് വിഷയം ശ്രദ്ധയിൽപ്പെടുത്തും. പരിഹാരമുണ്ടായില്ലെങ്കിൽ ഹൈക്കമാന്റിൽ നേരിട്ട് പരാതി നൽകാനാണ് നീക്കം. ചാണ്ടി ഉമ്മനെ പിന്തുണച്ചതിന്റെ പേരിൽ മാധ്യമ പ്രതിനിധികളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് യൂത്ത് കോൺഗ്രസ് നേതാവ് ജെഎസ് അഖിലിനെ പുറത്താക്കി എന്നും ആരോപണം ഉയർന്നു. അതേസമയം, പുനഃസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾ തൽക്കാലം വേണ്ടെന്നാണ് കോൺഗ്രസ് നേതൃതലത്തിലെ ധാരണ. ജനുവരി അവസാനത്തോടെയാവും ചർച്ചകൾ ആരംഭിക്കുക.