ലഖ്നൗ : കയ്യേറ്റം ആരോപിച്ച് ഉത്തര്‍പ്രദേശിലെ ഫത്തേപ്പൂരിലുള്ള 185 വര്‍ഷം പഴക്കമുള്ള നൂറി മസ്ജിദിന്റെ ഒരുഭാഗം പൊളിച്ചുമാറ്റി. പളളി നിലനില്‍ക്കുന്നത് അനധികൃതമായാണെന്നും ബന്ദ – ബഹ്റൈച്ച് ദേശീയപാതയുടെ വീതി കൂട്ടുന്നതിന്റെ ഭാഗമായാണ് ഒരുഭാഗം പൊളിച്ചുമാറ്റിയതെന്നുമാണ് അധികൃതരുടെ വിശദീകരണം. കനത്ത സുരക്ഷയിലാണ് അധികൃതര്‍ പള്ളിയുടെ ഒരുഭാഗം പൊളിച്ചുമാറ്റിയത്.
ലാലൗലി നഗരത്തിലെ നൂറി മസ്ജിദ് 1839-ല്‍ നിര്‍മിച്ചതാണെന്നും അതിനു ചുറ്റുമുള്ള റോഡ് 1956-ല്‍ മാത്രം നിര്‍മിച്ചാതാണെന്നുമാണ് മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റിയുടെ അവകാശവാദം. പള്ളിയുടെ ഭാഗം പൊളിച്ചുമാറ്റണമെന്ന അധികൃതരുടെ നിര്‍ദേശത്തിനെതിരെ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ഈ ഹര്‍ജി ഡിസംബര്‍ 12-ന് പരിഗണിക്കാനിരിക്കെയാണ് അധികൃരുടെ നടപടിയെന്നും മസ്ജിദ് മാനേജ് കമ്മറ്റി പ്രതിനിധി പറഞ്ഞു.
റോഡിന്റെ വീതി കൂട്ടുന്നതിന്റ ഭാഗമായി പള്ളി കയ്യേറിയ സ്ഥലം പൊളിച്ചുമാറ്റാന്‍ പൊതുമരാമത്ത് വകുപ്പ് പള്ളി കമ്മറ്റിക്ക് നോട്ടീസ് നല്‍കിയിരുന്നതായി പൊലീസ് പറഞ്ഞു. എന്നാല്‍ അവര്‍ അത് ചെയ്തില്ല. റോഡ് വികസനത്തിനായി പള്ളി കയ്യേറിയ 20 മീറ്റര്‍ ഭാഗമാണ് തടസ്സം നില്‍ക്കുന്നത്. അവര്‍ അത് പൊളിച്ചുമാറ്റാത്ത സാഹചര്യത്തിലാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച്് പൊളിച്ച് മാറ്റിയതെന്നും അതിന്റെ അവശിഷ്ടങ്ങള്‍ മാറ്റിക്കൊണ്ടിരിക്കുകയാണെന്നും ലാലൗലി പൊലീസ് ഓഫീസല്‍ പറഞ്ഞു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കനത്ത പൊലീസിനെ വിന്യസിച്ചിരുന്നു. 2024 ഓഗസ്റ്റ് 17നാണ് മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റിക്ക് മസ്ജിദിന്റെ ഒരു ഭാഗം നീക്കം ചെയ്യാന്‍ പൊതുമരാമത്ത് വകുപ്പ് നോട്ടീസ് നല്‍കിയത്.