ന്യൂഡല്‍ഹി : സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും ഡല്‍ഹി മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കെ എം തിവാരി അന്തരിച്ചു. ഏതാനും മാസങ്ങളായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. മൃതദേഹം ചൊവ്വാഴ്ച സിപിഐഎം ഗാസിയാബാദ് ജില്ലാ കമ്മിറ്റി ഓഫീസിലും ബുധനാഴ്ച രാവിലെ 9.30 മുതല്‍ 11 വരെ എച്ച്കെഎസ് സുര്‍ജിത്ത് ഭവനിലും പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് സംസ്കാരത്തിനായി നിഗംബോധ്ഘട്ടിലേയ്ക്ക് കൊണ്ടുപോകും.
ട്രേഡ് യൂണിയന് നേതാവായാണ് തിവാരി സിപിഐഎം നേതൃത്വത്തിലേയ്ക്ക് ഉയര്‍ന്നത്. 1977ല്‍ സിപിഐഎമ്മില്‍ അംഗമായി. 1988ല്‍ ഡല്‍ഹി സംസ്ഥാന കമ്മിറ്റിയിലേയ്ക്കും 1991ല്‍ സെക്രട്ടേറിയറ്റിലേയ്ക്കും 2018ല്‍ കേന്ദ്ര കമ്മിറ്റിയിലേയ്ക്കും തെരഞ്ഞെടുക്കപ്പെട്ടു. 2014 മുതല്‍ സിപിഐഎം ഡല്‍ഹി സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.
ഗാസിയാബാദിലെ വ്യവസായ മേഖലയില്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ എണ്ണമറ്റ സമരങ്ങള്‍ നയിച്ച അദ്ദേഹം സംസ്ഥാന സെക്രട്ടറി കൂടിയായിരുന്നു. സിഐടിയും പ്രവര്‍ത്തക സമിതിയിലും ജനറല്‍ കൗണ്‍സിലിലും വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മൂന്ന് മാസത്തിലധികം ജയില്‍വാസമനുഷ്ടിച്ച അദ്ദേഹം മൂന്ന് വര്‍ഷവും ഒമ്പത് മാസവും ഒളിവില്‍ കഴിഞ്ഞിട്ടുണ്ട്.