ബെംഗലൂരു : ലൈംഗിക പീഡനക്കേസില്‍ സംവിധായകന് രഞ്ജിത്തിന് ആശ്വാസം. രഞ്ജിത്ത് പീഡിപ്പിച്ചെന്ന യുവാവിന്റെ പരാതിയില്‍ തുടര്‍നടപടികള്‍ കര്‍ണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. കോഴിക്കോട് സ്വദേശിയായ യുവാവ് നല്കിയ പരാതിയിലാണ് കേസ് തീര്‍പ്പാവുന്നതുവരെ തുടര്‍നടപടി പാടില്ലെന്ന് കോടതി ഉത്തരവിട്ടത്.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രഞ്ജിത്ത് നല്കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബെഞ്ചാണ് കേസില്‍ സ്റ്റേ അനുവദിച്ചത്. 2012ല്‍ ബാവൂട്ടിയുടെ നാമത്തില്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പരിചയപ്പെട്ട യുവാവിനെ ബെംഗലൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് വിളിച്ചു വരുത്തി രഞ്ജിത്ത് അസ്വാഭാവിക ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും ചിത്രങ്ങള്‍ പകര്‍ത്തിയെന്നുമാണ് കേസ്.
കോഴിക്കോട് കസബ പൊലീസാണ് ഇതില്‍ ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തതെങ്കിലും ബെംഗലൂരുവിലാണ് സംഭവം നടന്നതെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് പിന്നീട് കര്‍ണാടക പൊലീസിനു കൈമാറുകയായിരുന്നു. കേരള പൊലീസില്‍ നിന്ന് കത്ത് ലഭിച്ച കര്‍ണാടക ഡിജിപിയാണ് ദേവനഹള്ളി പൊലീസിനോട് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയത്.