പാലക്കാട് : ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ മാർഗ്ഗരേഖയും, വെടിക്കെട്ട് സംബന്ധിച്ച എക്സ്പ്ലോസീവ് വകുപ്പിന്റെ ചട്ടങ്ങളിലെ ഭേദഗതിയും പ്രതിസന്ധിയാകുന്നതായി പാലക്കാട് ജില്ല ക്ഷേത്ര വെടിക്കെട്ട് സംരക്ഷണ സമിതി. പുതിയ നിയമം ക്ഷേത്ര ഉത്സവങ്ങളെ പ്രതികൂലമായി ബാധിക്കും എന്ന് കാട്ടി വിഷയത്തിൽ ശക്തമായ ഇടപെടലുകൾ നടത്താനാണ് സമിതി യോഗത്തിലെ തീരുമാനം.
ഹൈക്കോടതിയുടെ മാർഗ്ഗരേഖയും, എക്സ്പ്ലോസീവ് വകുപ്പിന്റെ പുതിയ ചട്ടങ്ങളും, സംസ്ഥാനത്തെ വലുതും ചെറുതുമായ ഉത്സവങ്ങളെ സാരമായി ബാധിക്കും എന്ന വിലയിരുത്തലിലാണ് വെടിക്കെട്ട് സംരക്ഷണ സമിതി. ഈ പശ്ചാത്തലത്തിലാണ് ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിലെ അധികൃതരെ ഉൾപ്പെടെ വിളിച്ചുചേർത്ത് സമിതിയുടെ നേതൃത്വത്തിൽ യോഗം ചേർന്നത്.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിഷയത്തിൽ നിയമനിർമ്മാണം നടത്തണമെന്നാണ് യോഗത്തിലുയർന്ന പ്രധാന ആവശ്യം. ഹൈക്കോടതി ഉത്തരവിനെതിരെ ജില്ലയിലെ ഉത്സവ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കും. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും നേരിട്ട് കണ്ട് നിവേദനം സമർപ്പിക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
തൃശ്ശൂർ ജില്ലയിലെ ഉത്സവ കമ്മിറ്റികളുമായി കൂടിയാലോചിച്ച് സംയുക്തമായ നിയമ പോരാട്ടങ്ങൾക്ക് രൂപം നൽകാനാണ് സമിതിയുടെ മറ്റൊരു ആലോചന. തങ്ങളുടെ പരാതി പരിഹരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങളുമായി രംഗത്തുവരാനാണ് ഇവരുടെ തീരുമാനം .