ന്യൂഡൽഹി : വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി തിങ്കളാഴ്ച ബംഗ്ലാദേശ് സന്ദർശിക്കും. ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളെച്ചൊല്ലി ഇന്ത്യ – ബംഗ്ലാദേശ് ബന്ധം വഷളായ സാഹചര്യത്തിലാണ് വിദേശകാര്യ സെക്രട്ടറിയുടെ സന്ദർശനം.
സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെ തുടർന്ന് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം പ്രാപിച്ചതിന് ശേഷമുള്ള ആദ്യ ഉന്നതതല സന്ദർശനമാണിത്. തിങ്കളാഴ്ച ധാക്കയിലെത്തുന്ന അദ്ദേഹം ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
ഹിന്ദു സന്യാസി ചിൻമോയ് കൃഷ്ണ ദാസിനെ അറസ്റ്റു ചെയ്ത സംഭവം ചർച്ചയാകുമെന്നും സൂചനയുണ്ട്. കേസിൽ നീതിയും സുതാര്യവുമായ നടപടിയാണ് ഇന്ത്യ പ്രതീക്ഷിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.