തിരുവനന്തപുരം : നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടന് സിദ്ദിഖ് അറസ്റ്റില്‍. ചോദ്യം ചെയ്യലിനായി തിരുവനന്തപുരം നാര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മുന്നില്‍ ഹാജരായപ്പോഴാണ് സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മകന് ഷഹീന് സിദ്ദിഖിനൊപ്പമാണ് താരം തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലെത്തിയത്.
നേരത്തേ സുപ്രീം കോടതിയില്‍ നിന്ന് സിദ്ദിഖ് മുന്‍കൂര്‍ ജാമ്യമെടുത്തിരുന്നു. ജാമ്യവ്യവസ്ഥയുടെ ഭാഗമായാണ് നടന് ഹാജരായത്. അറസ്റ്റ് രേഖപ്പെടുത്തി വിചാരണകോടതിയില്‍ ഹാജരാക്കി ജാമ്യം നല്‍കണമെന്ന വ്യവസ്ഥ നടപ്പാക്കാനായി സിദ്ദിഖിനെ വൈദ്യപരിശോധനയ്ക്ക് ശേഷം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.
2016ല്‍ ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂ ഷോയ്ക്ക് ക്ഷണിച്ചെന്നും പിന്നീട് തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലില്‍ സിദ്ദിഖ് താമസിച്ച മുറിയില്‍വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് പരാതി. ഇത് പ്രകാരം സെക്ഷന്‍ 376 ബലാത്സംഗം, 506 ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ എന്നിവ പ്രകാരമുള്ള കുറ്റങ്ങള്‍ സിദ്ദിഖിനെതിരെ ചുമത്തി കേസെടുക്കുകയായിരുന്നു.