ന്യൂഡല്‍ഹി : അദാനി വിഷയത്തില്‍ പാര്‍ലമെന്റ് നടപടികള്‍ തുടര്‍ച്ചയായി തടസ്സപ്പെടുത്തുന്ന പ്രതിപക്ഷ നീക്കത്തിനൊപ്പമില്ലെന്ന വ്യക്തമായ സന്ദേശം നല്കി തൃണമൂല്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ചേംബറില്‍ നടന്ന ഇന്ത്യാ സഖ്യായോഗത്തില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടുനിന്നു. സഭയ്ക്കുള്ളില്‍ ഒറ്റയ്ക്ക് നീങ്ങാനാണ് മമത ബാനര്‍ജിയുടെ തീരുമാനം.
അദാനി വിഷയത്തില്‍ ഇന്നും കോണ്‍ഗ്രസ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോര്‍ ആണ് നോട്ടീസ് നല്‍കിയത്. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും നാളത്തേക്ക് പിരിഞ്ഞു. തുടര്‍ച്ചായ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്നുള്ള ബഹളത്തിനിടെ ഭരണപക്ഷം ബില്ലുകള്‍ പാസാക്കുന്നുവെന്നാണ് തൃണമൂല്‍ ആരോപിക്കുന്നത്.
അതേസമയം ഫിന്‍ജാല്‍ ചുഴലിക്കാറ്റ് മൂലമുണ്ടായ നാശനഷ്ടങ്ങള്‍, ഉത്തര്‍പ്രദേശിലെ സംഭാല്‍ ആക്രമണം, ബംഗ്ലാദേശിലെ സന്യാസിമാര്‍ക്ക് നേരെയുള്ള ആക്രമണം, തുടങ്ങി നിരവധി വിഷയങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ആവശ്യപ്പെട്ടിട്ടുണ്ട്.
ഡിസംബര്‍ 20നാണ് പാര്‍ലമെന്റ് സമ്മേളനം അവസാനിക്കുക. ശീതകാല സമ്മേളനത്തില്‍ ബംഗാളിലെ പ്രശ്നങ്ങള്‍ക്ക് തൃണമൂല്‍ മുന്‍ഗണന നല്‍കുമെന്ന് ടിഎംസി നേതാവ് അഭിഷേക് ബാനര്‍ജി നേരെത്തെ അഭിപ്രായപ്പെട്ടിരുന്നു’ഞങ്ങളുടെ നിലപാട് വളരെ വ്യക്തമാണ്. ബംഗാളിലെ പ്രശ്നങ്ങള്‍ക്കാണ് ഞങ്ങള്‍ ആദ്യം മുന്‍ഗണന നല്‍കുന്നത്. ബംഗാളിന്റെ കുടിശ്ശിക കേന്ദ്രം തടഞ്ഞു. ഈ വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തണം’ അഭിഷേക് ബാനര്‍ജി പറഞ്ഞു.