മുംബൈ : മഹാരാഷ്ട്രയിലെ പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഡിസംബര്‍ അഞ്ചിന്. മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ തീരുമാനമായില്ല. തിങ്കളാഴ്ച ബിജെപി നിയമസഭാകക്ഷിയോഗം ചേര്‍ന്ന് മുഖ്യമന്ത്രിയെ നിശ്ചയിക്കുമെന്നും അഞ്ചിന് മുംബൈയിലെ ആസാദ് മൈതാനത്ത് സത്യപ്രതിജ്ഞ നടക്കുമെന്നുമാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖര്‍ ബവന്‍കുലെ അറിയിച്ചു. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുള്‍പ്പടെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും.
വോട്ടെണ്ണല്‍ കഴിഞ്ഞിട്ട് ഏഴ് ദിവസം കഴിഞ്ഞിട്ടും മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എന്‍ഡിഎ നേതാക്കള്‍ക്ക് കഴിഞ്ഞിട്ടില്ല. കാവല്‍ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്നാഥ് ഷിന്‍ഡെ ചര്‍ച്ചകളില്‍നിന്ന് പിന്തിരിഞ്ഞ് ജന്മനാട്ടില് പോയതിനെ തുടര്‍ന്ന് മഹായുതി നേതൃയോഗം മുടങ്ങിയിരുന്നു. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അവകാശം പ്രധാനമന്ത്രി മോദിക്ക് വിട്ടുകൊടുത്തതായി ഷിന്‍ഡെ കഴിഞ്ഞദിവസം പറഞ്ഞുവെങ്കിലും അദ്ദേഹത്തിന്റെ പാര്‍ട്ടി സമ്മര്‍ദ്ദം ചെലുത്തുന്നതില്‍നിന്ന് പിന്മാറിയിട്ടില്ല.
ആഭ്യന്തരമന്ത്രി പദവിയും തര്‍ക്കത്തിലാണ്. കഴിഞ്ഞ സര്‍ക്കാരില്‍ ആഭ്യന്തരവകുപ്പ് കയ്യാളിയത് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നവിസാണ്. മുഖ്യമന്ത്രിസ്ഥാനം നല്‍കാത്തപക്ഷം ആഭ്യന്തരവകുപ്പ് തങ്ങള്‍ക്ക് ഉറപ്പാക്കണമെന്ന് ശിവസേന(ഷിന്‍ഡെ) വിഭാഗം ആവശ്യപ്പെടുന്നു. ഉപമുഖ്യമന്ത്രി സ്ഥാനം എന്‍സിപി അജിത് പവാര്‍ വിഭാഗവും ശിവസേന ഷിന്‍ഡെ വിഭാഗവും പങ്കിടും.
അതേസമയം, മുഖ്യമന്ത്രി ബിജെപിയില്‍ നിന്നു തന്നെയായിരിക്കുമെന്ന് അജിത് പവാര്‍ പറഞ്ഞു. ഉപമുഖ്യമന്ത്രിമാര്‍ സഖ്യകക്ഷികളില്‍ നിന്നായിരിക്കുമെന്ന് പവാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ 132 സീറ്റുകളുമായി ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. അജിത് പവാര്‍ വിഭാഗം 41 സീറ്റുകളും ഷിന്‍ഡെ വിഭാഗം 57 സീറ്റുകളും നേടി.