തിരുവനന്തപുരം : ചാൻസിലർ കൂടിയായ ഗവർണർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമരങ്ങൾ നടത്താൻ എസ്എഫ്ഐക്ക് സിപിഐഎം നിർദേശം. സർവകലാശാലകളെ ഗവർണർ കാവിവത്ക്കരിക്കുന്നുവെന്ന പ്രചാരണം ശക്തമാക്കി പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ ഗവർണർക്കെതിരെ എസ്എഫ്ഐയുടെ വൻ പ്രതിഷേധ പരിപാടികൾ സംസ്ഥാനത്തുണ്ടാകും.
കേരളത്തിലെ സർവകലാശാലകളിലെ വിസി പദവികളിലേക്കും സെനറ്റുകളിലേക്കുമെല്ലാം സംഘപരിവാർ ബന്ധമുള്ളവരെ ഗവർണർ തിരികയറ്റിയതോടെയാണ് പ്രതിഷേധങ്ങൾ ഉടലെടുത്തത്. ഹൈക്കോടതിയുടെ നിർദേശം ലംഘിച്ച് സംഘപരിവാർ ബന്ധമുള്ളയാളെ കെടിയു വിസിയായി നിയമിച്ചുവെന്ന് പറഞ്ഞാണ് ഗവർണർക്കെതിരെ സിപിഐഎം അടുത്ത പോർമുഖം തുറക്കുന്നത്.
നിയമ, രാഷ്ട്രീയ, പോരാട്ടങ്ങൾ സർക്കാരും സിപിഎമ്മും നടത്തും. ഗവർണറെ എസ്എഫ്ഐ ക്യാമ്പസുകളിലും തെരുവിലും നേരിടും. വിദ്യാർഥികളെ ബാധിക്കുന്ന വിഷയമായതുകൊണ്ട് അവർ തന്നെ രംഗത്തിറങ്ങട്ടെ എന്ന നിലപാടിലാണ് സിപിഐഎം.